kk-shylaja

മന്ത്രി എന്ന നിലയിൽ തന്റെ കടമ നൂറ് ശതമാനം ആത്മാർത്ഥതയോടെ നിറവേറ്റുന്നതിൽ വിജയിച്ചിരിക്കുകയാണ് ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ. ഫേസ്ബുക്കിലൂടെ സഹായം അഭ്യർത്ഥിച്ചവർക്ക് പോലും കുറഞ്ഞ സമയത്തിനുള്ളിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ച് കൊണ്ട് മികച്ച സേവനം നൽകുവാൻ മന്ത്രിക്ക് കഴിയുന്നുണ്ട്. രാഷ്ട്രീയ ഭേദമന്യേ മന്ത്രിയുടെ മികച്ച സേവനത്തെ പുകഴ്ത്തുകയാണ് മലയാളികൾ.

വാഹനാപകടത്തിൽ കൈ നഷ്ടമായ വിദ്യാർത്ഥിക്ക് അഞ്ച് ലക്ഷത്തോളം രൂപ വിലയുള്ള കൃത്രിമ കൈ നൽകി വീണ്ടും ആരോഗ്യമന്ത്രി വാർത്തകളിൽ നിറയുകയാണ്. ഈ അവസരത്തിൽ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോട് കേരളത്തിന്റെ ആരോഗ്യമന്ത്രിയെ ചേർത്തുവയ്ക്കുകയാണ് ഡോക്ടർ ഷിനു ശ്യാമളൻ. മനോഹരമായി തന്റെ കടമകൾ നിറവേറ്റുന്ന മന്ത്രി പുളകം കൊള്ളിക്കുന്നുവെന്നും ട്വിറ്ററിലൂടെ ജനങ്ങളുടെ പരാതികൾക്ക് പൊടുന്നനെ പരിഹാരം കാണുന്ന കേന്ദ്ര മന്ത്രിയെപ്പോലെ കെ.കെ.ഷൈലജയും അതിശയിപ്പിക്കുന്നുവെന്നും അവർ കുറിക്കുന്നു. രാജ്യം ഭരിക്കുന്ന ഇത്തരം സ്ത്രീകളെയോർത്ത് അഭിമാനമുണ്ടെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സോഷ്യൽ മീഡിയയുടെ സാദ്ധ്യത മറ്റ് ജനപ്രതിനിധികളും തിരിച്ചറിയണമെന്നും ഡോക്ടർ ഷിനു ശ്യാമളൻ എഴുതുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ശ്രീമതി ശൈലജ ടീച്ചർ.. എല്ലാം കൊണ്ടും ആരോഗ്യമന്ത്രിയായിരിക്കുവാൻ അർഹതയുള്ള വ്യക്തിത്വം.

എത്ര നോഹരമായിട്ടാണ് തന്റെ കടമ നിറവേറ്റുന്നത്. അഭിമാനമുണ്ട് ഒരു സ്ത്രീ നമ്മെ പുളകം കൊള്ളിക്കുന്നതിൽ. സുഷമ സ്വരാജ് ട്വിറ്ററിലൂടെ ജനങ്ങളുടെ പരാതികൾക്ക് പൊടുന്നനെ പരിഹാരം കണ്ടെത്തിയത് അത്ഭുതത്തോടെ നോക്കി കണ്ടിട്ടുണ്ട്.

ഇപ്പോൾ മറ്റൊരു സ്ത്രീയും നമ്മെ അതിശയിപ്പിക്കുകയാണ്. വാഹനാപകടത്തിൽ കൈ നഷ്ട്ടപ്പെട്ട യുവാവിന് 5 ലക്ഷം വില വരുന്ന കൃത്രിമ കൈ കൊടുത്തിരിക്കുന്നു. ബി കോം വിദ്യാർഥിയാണ്. ആ ചിത്രമാണ് താഴെ.

എല്ലാ ദിവസവും ടീച്ചറുടെ ഫേസ്ബുക്ക് പേജ് ശോഭനമായ വാർത്തകൾ കൊണ്ട് നിറയുന്നു. അത് വായിക്കുവാൻ നാം കാത്തിരിക്കുന്നു. അഭിമാനമുണ്ട് രാജ്യം ഭരിക്കുന്ന ഇത്തരം സ്ത്രീകളെയോർത്തു.

കൂടുതൽ സ്ത്രീകൾ അധികാരത്തിലേക്ക് വരട്ടെ. അഴിമതിയും, ചെളി വാരിയെറിയലും കുറയും എന്ന് ഉറപ്പ്. ജനങ്ങളുടെ കഷ്ട്ടപാടുകൾ കേൾക്കുവാനും അത് പരിഹരിക്കുവാനും സോഷ്യൽ മീഡിയ ഉപയോഗിക്കാം എന്ന് പല ജനപ്രധികളും ഇനിയും തിറിച്ചറിയേണ്ടിയിരിക്കുന്നു.

ഡോ. ഷിനു ശ്യാമളൻ