ശൈത്യകാലത്തക്ക് മാത്രമായൊരു ഹോട്ടൽ കാണാൻ കഴിയുമോ? അതുകഴിഞ്ഞാൽ ഹോട്ടൽ അടയ്ക്കില്ല. പക്ഷേ ഉരുകി ഇല്ലാതാകും. പറഞ്ഞുവരുന്നത് സ്വീഡനിലെ ഐസ് ഹോട്ടലിനെ കുറിച്ചാണ്. എല്ലാ ശൈത്യകാലത്തും ഈ ഹോട്ടൽ നിർമിക്കും. വേനൽകാലം ആകുമ്പോൾ ഐസ് ഉരുകി ഹോട്ടൽ ഇല്ലാതാകും.ശരിക്കുമൊരു ചില്ലുകൊട്ടാരത്തിന്റെ പ്രതീതിയാണ് ഹോട്ടലിനകത്ത്.
ഏറ്റവും മനോഹരമായ ഡിസൈനുകളിൽ ഒരുക്കിയിരിക്കുന്ന മുറികളിൽ മഞ്ഞുപാളികൾ കൊണ്ടുള്ള കട്ടിലും, ശിൽപങ്ങളും, ചവിട്ടു പടികളും, ഇരിപ്പിടങ്ങളുമാണ് തയ്യാറാക്കിയിരിക്കുന്നത്. 1990ലാണ് ലോകത്തിലെ ആദ്യ മഞ്ഞു ഹോട്ടൽ വിനോദ സഞ്ചാരികൾക്കായി തുറന്ന് കൊടുത്തത്. ഡിസംബർ പകുതിയോടെ തുറക്കുന്ന ഹോട്ടൽ മാർച്ച് വരെ പ്രവർത്തിക്കും.
ഡിസ്കവർ ദി വേൾഡ് എന്ന ഗ്രൂപ്പാണ് ഓരോ വർഷവും ഹോട്ടൽ നിർമ്മിക്കുന്നത് . മൂന്ന് ദിവസത്തെ താമസത്തിന് 1,095 പൗണ്ട് (ഏകദേശം ഒരു ലക്ഷത്തി എണ്ണായിരം രുപ) ചെലവ് വരും. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്നും ഇവിടേക്ക് നേരിട്ട് വിമാന സർവീസുമുണ്ട്.