saji

ദുബായ്: മുസ്ലീം ജീവനക്കാർക്ക് ഇഫ്താർ വിരുന്നൊരുക്കാൻ യു.എ.ഇയിൽ മുസ്ലീം പള്ളി പണിതുനൽകിയ മലയാളി ക്രിസ്ത്യൻ യുവാവാണ് ഈ റമസാനിൽ മതേതരത്വത്തിന്റെ പുത്തൻ സന്ദേശം പകരുന്നത്. കായംകുളം സ്വദേശിയായ സജി ചെറിയാൻ എന്ന 49കാരനാണ് കഴിഞ്ഞവർഷം യുഎഇയിൽ പള്ളി പണിതത്. യുഎഇയിലെ 53 കമ്പനികളിലെ തൊഴിലാളികൾക്ക് താമസസൗകര്യം ചെയ്തുകൊടുക്കുന്ന ആളാണ് സജി. 800ഓളം പേർക്ക് ഒരേസമയം, ഇഫ്താർ വിരുന്നൊരുക്കാനുള്ള സംവിധാനം മറിയം ഉം ഐസ(മേരി, ദ മദർ ഒഫ് ജീസസ്) എന്ന് പേരിട്ടിരിക്കുന്ന ഈ പള്ളിയിലുണ്ട്. കഴിഞ്ഞവർഷത്തെ റമസാനിലെ 17ാം ദിവസമാണ് സജി നിർമ്മിച്ച പള്ളി ഇഫ്താറിനായി തുറന്നുകൊടുത്തത്. എന്നാൽ, ഈ വർഷം റമസാന്റെ ആദ്യദിവസംമുതൽ തന്നെ സജിയുടെ പള്ളിയിലും വിരുന്നുണ്ട്.

പണംമുടക്കി ടാക്സിവിളിച്ച് നോമ്പുതുറക്കലിനായി കിലോമീറ്ററുകൾ യാത്രചെയ്യേണ്ടിവരുന്ന മുസ്ലീം സഹോദരങ്ങളെ കണ്ടപ്പോഴാണ് അവർക്കുവേണ്ടി ഒരു പള്ളി നിർമ്മിച്ചുനൽകുക എന്ന് തോന്നിയത്. സജി പറയുന്നു. ''ലോകത്തിന് സജിയെ പോലുള്ളവരെ ആവശ്യമുണ്ട്. ഇതുപോലെയുള്ളവർ ഇല്ലെങ്കിൽ ലോകം അവസാനിച്ചുപോകും. " മറിയം ഉം ഐസ പള്ളിയിൽ നോമ്പുതുറക്കലിനായി എത്തിയ 63കാരനായ അബ്ദുൽ ഖായൂം പറഞ്ഞു.