സോഷ്യൽ മീഡിയയിലൂടെ പ്രശസ്തരാകാനായി ചിലർ കാണിക്കുന്ന പ്രഹസനങ്ങൾ പലപ്പോഴും ചിരിക്കാനുള്ള വകയാവാറുണ്ട്. ലൈവിലെത്തി ചിലർ വെല്ലുവിളികളും കഴിവുകൾ കാണിക്കലുമൊക്കെയായി നിരവധി വീഡിയോകളാണ് ദിവസവും അപ്‌ലോഡ് ചെയ്യപ്പെടുന്നത്. ചിലർ പ്രശസ്തി ആഗ്രഹിച്ച് ചെയ്യുന്ന കാര്യങ്ങൾ തമാശയ്ക്ക് വഴിയാവുകയും ചിലത് അപകടങ്ങളിലേക്ക് നയിക്കാറുമുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുന്നത്.
നീരാളിയെ ജീവനോടെ കഴിക്കാമെന്ന് ലൈവിൽ വെല്ലുവിളിയുമായെത്തിയ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിക്കഴിഞ്ഞു. ലൈവ് കണ്ടിരുന്നവർ ആദ്യം ശ്വാസമടക്കിപ്പിടിച്ചെങ്കിലും സംഭവം കൈവിട്ട് പോയതോടെ ചിരിയിലേക്ക് വഴിമാറി. ചൈനയിലെ വ്ലോഗറായ യുവതിക്കാണ് നീരാളി പണികൊടുത്തത്.
ആദ്യമൊക്കെ യുവതി അല്‍പം ആത്മവിശ്വാസത്തിൽ നിൽക്കുന്നുണ്ടെങ്കിലും സെക്കൻഡുകൾ കൊണ്ട് സീൻ ആകെ മാറി. നീരാളി യുവതിയുടെ മൂക്കിലും ചുണ്ടിലും കവളിലുമെല്ലാം വരിഞ്ഞു മുറുക്കി. അതിനെ വിടുവിക്കാൻ നടത്തുന്ന ആദ്യ ശ്രമങ്ങളെല്ലാം വിഫലമായി. അത്രയും ശക്തിയോടെയായിരുന്നു നീരാളി യുവതിയുടെ മുഖത്ത് പിടി ഉറപ്പിച്ചത്.
പിടിത്തം മുറുക്കിയതോടെ അൽപസമയത്തിനകം യുവതി വേദന സഹിക്കാനാവാതെ കരഞ്ഞു തുടങ്ങി. പിന്നൊന്നും നോക്കിയില്ല സർവ്വ ശക്തിയുമെടുത്ത് ആഞ്ഞുവലിച്ചു. ഒടുവിൽ നീരാളി പിടിവിട്ടു. മുഖത്ത് അവിടവിടെയായി മുറിഞ്ഞ് ചോര പൊടിയുന്നതും വീഡിയോയിൽ കാണാം. പുറത്തുവന്ന് ഒരു ദിവസത്തിനുള്ളിൽ തന്നെ ഇരുപത് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. ചിലർ യുവതിയുടെ ധൈര്യത്തെ പരിഹസിക്കുകയാണ് ചെയ്തത്. ചിലരാകട്ടെ ഇത്പോലുള്ള കാര്യങ്ങൾ കൊണ്ടല്ല തമാശ കാണിക്കുന്നത് എന്നായിരുന്നു അഭിപ്രായപ്പെട്ടത്.
വീഡിയോ കാണാം...