ഇൻഹെയിലർ മരുന്നുകൾ ശ്വസന നാളങ്ങളുടെ ഭിത്തികളിലുണ്ടാവുന്ന നീർക്കെട്ട് തടയാൻ ഉപകരിക്കും. തന്മൂലം ശ്വസന നാളങ്ങളുടെയും ശ്വാസകോശങ്ങളുടെയും പ്രവർത്തന ക്ഷമത നിലനിറുത്തുകയും ചെയ്യും. ഇൻഹെയിലർ മരുന്നുകൾ പാർശ്വഫലങ്ങളുള്ളതാണെന്നും ക്രമേണ ഡോസ് അധികരിക്കുകയും ഗർഭിണികളിൽ ഉപയോഗിച്ചാൽ ഇവ കുഞ്ഞിന് അംഗവൈകല്യങ്ങൾ ഉണ്ടാകുമെന്നും ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ട്. അതൊന്നും സത്യമല്ല. ഡോക്ടർ നിർദ്ദേശിച്ച പ്രകാരം ഇൻഹെയിലർ ഉപയോഗിക്കുകയാണെങ്കിൽ പാർശ്വഫലങ്ങൾ പരിമിതമായ മരുന്നുകളാണിവ.
ഈ മരുന്നുകൾ ശ്വസനനാളങ്ങളുടെ ഫംഗ്ഷൻ നിലനിറുത്തുകയും ചെയ്യും.ഗർഭിണികളിൽ ഇൻഹേലർ സേഫ് ആയ മരുന്നുകൾ അമ്മയുടെ ശ്വാസനാളങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തി ഗർഭസ്ഥശിശുവിന്റെ ആരോഗ്യം പരോക്ഷമായും നിലനിറുത്താൻ സഹായിക്കും. മരണ നിരക്ക് കുറവാണെങ്കിലും സാമ്പത്തിക പരാധീനതകൾ ഉണ്ടാക്കുന്ന രോഗമാണ് ആസ്ത്മ. അതുകൊണ്ട് ഈ രോഗത്തിന്റെ എക്കണോമിക് ഇംപാക്ട് വലുതാണ്. അതുകൊണ്ട് കൃത്യമായ രോഗ നിർണയം നടത്തുകയും വേണ്ട പ്രകാരം ചികിത്സയും മാർഗ നിർദ്ദേശവും സ്വീകരിക്കുകയും ചെയ്യുന്നത് ആസ്ത്മ എന്ന രോഗത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.