മനുഷ്യന് മാത്രമാണ് സ്നേഹവും ആത്മബന്ധവും ഒക്കെ ഉള്ളതെന്നാണ് പലരും കരുതുന്നത്. മൃഗങ്ങൾക്ക് നമ്മെ പോലെ സംസാരിക്കാൻ കഴിവുണ്ടായിരുന്നെങ്കിൽ പ്രകൃതിയിൽ ഏറ്റവും കൂടുതൽ കേൾക്കുന്നത് മൃഗങ്ങളുടെയും പക്ഷികളുടെയും ഉറ്റവർക്ക് വേണ്ടിയുള്ള നിലവിളികളായിരിക്കും എന്ന കാര്യം ഉറപ്പാണ്. മാതൃസ്നേഹത്തിന്റെ ഈറനണിയിക്കുന്ന ഒരു സംഭവം കൂടി നമുക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. ചൈനയിലെ ഹുബൈയിലെ സിങ്‌യാങ് മൃഗശാലയിൽ നിന്നും മാതൃസ്നേഹത്തിന്റെ കണ്ണുനനയിക്കുന്ന ഒരു മാതൃകയാണ് പുറത്തുവന്നിരിക്കുന്നത്.
രണ്ടു ദിവസം മുൻപാണ് അവിടെ വളർത്തിയിരുന്ന ഒരു പെൺകുരങ്ങ് പ്രസവിച്ചത്. ജനിച്ച് രണ്ടുനാൾ കഴിഞ്ഞപ്പോഴേക്കും അസുഖത്തെ തുടർന്ന് കുഞ്ഞിക്കുരങ്ങൻ മരണപ്പെട്ടു. എന്നാൽ ജീവനറ്റ തന്റെ കുഞ്ഞിന്റെ ശരീരത്തിനടുത്ത് മാറാൻ പോലും അമ്മക്കുരങ്ങ് കൂട്ടാക്കുന്നില്ല. മരിച്ചുപോയ തന്റെ കുഞ്ഞിന്റെ മൃതദേഹം നെഞ്ചിലേറ്റി പെൺകുരങ്ങിന്റെ ഇരിപ്പ് കണ്ടാൽ ഏതൊരു മനുഷ്യന്റെയും നെഞ്ചൊന്ന് പിടയ്ക്കും.
സിംഗ്‌യാങ് മൃഗശാലയിൽ കുരങ്ങിനെ പാർപ്പിച്ചിരിക്കുന്ന ഒരു അടച്ചുകെട്ടിയ ഭാഗത്തെ ഒരു മരച്ചുവട്ടിൽ തന്റെ കുഞ്ഞിന്റെ മരവിച്ച ശരീരവും ഒക്കത്തേറ്റിക്കൊണ്ട് അമ്മക്കുരങ്ങ് ഒരേയിരിപ്പാണ്. സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന ദൃശ്യങ്ങൾ എല്ലാവരുടെയും കണ്ണ് ഈറനണിയിച്ചിരിക്കുകയാണ്. കുഞ്ഞ് മരിച്ചെന്ന് ഇനിയും അമ്മക്കുരങ്ങ് വിശ്വസിച്ചിട്ടില്ല എന്ന കാര്യവും ഉറപ്പാണ്.
മൂന്ന് വയസായ ഒരു കുരങ്ങ് പ്രസവിക്കുന്നത് ആദ്യമായാണ്. അയതിനാൽ കുഞ്ഞിന് തീരെ ആരോഗ്യവും ഇല്ലായിരുന്നു. എന്നാൽ മൃഗശാലയിലെ ഡോക്ടർമാർ പരിചരിക്കാൻ ശ്രമിച്ചപ്പോഴെല്ലാം കുഞ്ഞിനേയും എടുത്ത് മരക്കൊമ്പിൽ ഒളിക്കുകയായിരുന്നു അമ്മക്കുരങ്ങ്. തുടർന്ന് അസുഖം മൂർച്ഛിച്ച് രണ്ടാമത്തെ ദിസം കുഞ്ഞുകുരങ്ങ് മരണപ്പെട്ടു. അന്നുമുതൽ തന്റെ കുഞ്ഞിന്റെ വിറങ്ങലിച്ച മൃതശരീരം ആർക്കും വിട്ടുകൊടുക്കാതെ കൈയിലെടുത്തു നടക്കുകയാണ് ഈ അമ്മ.
ഒരു വീഡിയോയിൽ കുഞ്ഞിനെ തറയിൽ കിടത്തിയശേഷം ഒരല്പം ദൂരെ മാറി നിന്ന് അതിനെത്തന്നെ തുറിച്ചു നോക്കുന്ന ആ അമ്മയെ നമുക്ക് കാണാം. തന്നെ പറ്റിക്കുകയാണോ എന്നറിയാനാവും അമ്മയുടെ ആ നോട്ടം. ഏറെ നേരം മാറിയും, മറിഞ്ഞും വിളിച്ചു നോക്കിയിട്ടും കുഞ്ഞിക്കുരങ്ങൻ വിളി കേൾക്കാൻ കൂട്ടാക്കിയില്ല. വീഡിയോ കണ്ടവരെല്ലാം കമന്റിലൂടെ മൃഗശാല അധികൃതരെ കുറ്റപ്പെടുത്തുകയാണ്. എന്നാൽ ഇത് തങ്ങളുടെ തെറ്റല്ലെന്നും കഴിയുന്ന വിധം കുഞ്ഞിനെ വീണ്ടെടുക്കാൻ ശ്രമിച്ചെന്നും അധികൃതർ വ്യക്തമാക്കി.
#MostWatched Mother monkey cradles her dead baby pic.twitter.com/3Bt5mu8hjY
— CGTN (@CGTNOfficial) May 7, 2019