thechikottukavu-

തൃശൂർ: തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കണമെന്ന് കോടതി പറഞ്ഞാൽ സർക്കാർ എതിർക്കില്ലെന്നും എന്നാൽ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞാൽ ഉത്തരവാദപ്പെട്ടവർ മറുപടി പറയേണ്ടിവരുമെന്നും മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. പൂരത്തിൽ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ വിലക്കിയ സംഭവത്തിലാണ് മന്ത്രി പ്രതികരണമറിയിച്ചത്. തെച്ചിക്കോട്ട് രാമചന്ദ്രനെ വിലക്കിയത് ജില്ലാ കളക്ടറാണ്. സർക്കാരിന് ഇക്കാര്യത്തിൽ നിർബന്ധബുദ്ധിയില്ല. ഇക്കാര്യം കോടതിയിൽ വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിനെതിരായ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് മന്ത്രി സർക്കാർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തൃശൂർ കളക്ടർ അദ്ധ്യക്ഷയായ നാട്ടാന നിരീക്ഷക സമിതിയുടെ വിലക്ക് ചോദ്യം ചെയ്ത് തെച്ചിക്കോട് കാവ് ദേവസ്വം നൽകിയ ഹർജിയാണ് നാളെ ഹൈക്കോടതി പരിഗണിക്കുന്നത്. പന്ത്രണ്ട് പേരെ കൊലപ്പെടുത്തുകയും കാഴ്ച ഇല്ലാതാവുകയും ചെയ്ത ആന സുരക്ഷാ പ്രശനങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ നിരീക്ഷക സമിതി തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ പൂരം എഴുന്നെള്ളിപ്പിൽ നിന്നും വിലക്കിയത്.

അതേസമയം,​ പൂരത്തിന് എഴുന്നള്ളിക്കാൻ കഴിയാത്ത വിധത്തിൽ അക്രമ സ്വഭാവമുള്ളതും,അപകടകാരിയുമായ ആനയാണ് തെച്ചിക്കോട്ട് രാമചന്ദ്രനെന്ന് വനം മന്ത്രി കെ രാജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവിലെ അവസ്ഥയിൽ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത് അഭികാമ്യമല്ലെന്നാണ് ചീഫ് വൈൽഡ് ലൈഫ് ഓഫീസറുടെ റിപ്പോർട്ടെന്നും ഫേസ്ബുക്കിലിട്ട പോസ്റ്റിൽ വനംമന്ത്രി വ്യക്തമാക്കിയിരുന്നു.