സി.ടി സിമുലേറ്റർ രണ്ട് വർഷം കഴിഞ്ഞിട്ടും പ്രവർത്തനക്ഷമമായില്ല
തിരുവനന്തപുരം.ആലപ്പുഴ ഗവ. ടി.ഡി മെഡിക്കൽ കോളേജിലെ റേഡിയോ തെറാപ്പി വിഭാഗത്തിലേക്ക് മൂന്ന് കോടിയിലധികം രൂപ മുടക്കി 2017 ഏപ്രിലിൽ വാങ്ങിയ സി.ടി സിമുലേറ്റർ രണ്ട് വർഷം കഴിഞ്ഞിട്ടും പ്രവർത്തനക്ഷമമായിട്ടില്ല. കാൻസർ ചികിത്സയ്ക്ക് നിർണായകമായ വിവരം നൽകുന്നതാണ് സി.ടി സിമുലേറ്റർ. ട്യൂമറിന്റെ സ്ഥാനവും വലിപ്പവുമൊക്കെ കൃത്യമായി നിർണയിക്കാൻ ഇതിലൂടെ കഴിയും.
സി.ടി മെഷീൻ ഫിലിപ്സ് കമ്പനിയിൽ നിന്നുമാണ് വാങ്ങിയത്. 3 കോടി 78,54,750 രൂപ വിലയുള്ള മെഷീന് 90 ശതമാനം തുകയും നൽകിക്കഴിഞ്ഞു. ഒന്നാം ഗഡുവായി രണ്ടു കോടി 46,05,584 രൂപയും രണ്ടാം ഗഡുവായി 94,63,688 രൂപയുമാണ് കമ്പനിക്ക് നൽകിയത്. മെഷീൻ സുഗമമായി പ്രവർത്തിച്ചുനോക്കാതെയാണ് 30-6-2017 ൽ വകുപ്പ് മേധാവി ഇൻസ്റ്റലേഷൻ റിപ്പോർട്ട് നൽകിയത്. മെഷീൻ പൂർണമായി സ്ഥാപിച്ചുവെന്നും കമ്പനിയുടെ വിശദമായ പരിശോധനയ്ക്കുശേഷം രോഗികളിൽ ഉപയോഗിക്കാൻ പ്രവർത്തനസജ്ജമായെന്നുമായിരുന്നു ഈ റിപ്പോർട്ടിന്റെ ഉള്ളടക്കം. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം ഗഡു കമ്പനിക്ക് നൽകിയത്. വ്യവസ്ഥകൾ പ്രകാരം ഇൻസ്റ്റലേഷൻ റിപ്പോർട്ട് നൽകുന്ന ദിവസം മുതലാണ് വാറന്റി പിരീഡ് ആരംഭിക്കുന്നത്. അതനുസരിച്ച് ഈ വർഷം ജൂലായ് ഏഴിന് മെഷീന്റെ വാറന്റി അവസാനിക്കും.
നാടകീയ പിന്മാറ്റം
ഇൻസ്റ്റലേഷൻ റിപ്പോർട്ട് നൽകിയ വകുപ്പ് മേധാവി ഒന്നരവർഷത്തിനു ശേഷം സി.ടി സിമുലേറ്റർ പൂർണമായി സ്ഥാപിച്ചിട്ടില്ലെന്നും മെഷീൻ പ്രവർത്തന സജ്ജമല്ലെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് നാടകീയമായി മറ്റൊരു റിപ്പോർട്ട് നൽകി. കമ്പനിയുമായി ഒത്തുകളിച്ചാണ് മെഷീൻ പ്രവർത്തന സജ്ജമാകാതെ തന്നെ രണ്ടാം ഗഡു നൽകിയതെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്.
റിപ്പോർട്ട് തേടി
2017 ജൂൺ 30 നകം മൂന്ന് കോടി 40,69,272 രൂപ കമ്പനിക്കു കൈമാറിയിട്ടും മെഷീൻ പ്രവർത്തിക്കാത്തതിനെക്കുറിച്ച് പ്രിൻസിപ്പലോ മറ്റ് അധികൃതരോ ഒരു ചോദ്യവും ഉന്നയിച്ചിരുന്നില്ല. എന്നാൽ ആരോഗ്യ സെക്രട്ടറിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഡി.എം.ഇയോട് വിശദീകരണം തേടിയിട്ടുണ്ട്. ഇതേത്തുടർന്ന് ഡി.എം.ഇ ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിൽ നിന്ന് റിപ്പോർട്ട് തേടി. കമ്പനിക്കു പണം നൽകിയ വിവരവും മെഷീൻ പ്രവർത്തിക്കാതിരിക്കുന്ന കാര്യവും പ്രിൻസിപ്പലിന്റെ മറുപടിയിൽ വിശദീകരിച്ചിട്ടുണ്ടെങ്കിലും റേഡിയോ തെറാപ്പി വിഭാഗം മേധാവിയെ വെള്ളപൂശുന്ന വിധമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
കമ്പനി സപ്ളൈ ചെയ്ത ചില ആക്സസറീസ് പ്രവർത്തിക്കാത്തതിനാൽ ഈ ഉപകരണം ഇതുവരെ പ്രവർത്തിച്ചു തുടങ്ങിയിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം.