കൊൽക്കത്ത: നിങ്ങളുടെ ഓരോ അടിയും തനിക്ക് അനുഗ്രഹമായിരിക്കും എന്ന് മമതാ ബാനർജിയോട് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യം കൊണ്ട് ശക്തമായ അടി മോദിക്ക് നൽകണമെന്ന് കഴിഞ്ഞദിവസം മമത പറഞ്ഞതിന് മറുപടിയായിരുന്നു ബംഗാളിലെ പുരുലിയയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലെ മോദിയുടെ പ്രസംഗം.
''എന്നെ അടിക്കാനായി ഞാൻ ദീദിയോട് ആവശ്യപ്പെടുകയാണ്. ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു. നിങ്ങളുടെ ഓരോ അടിയും എനിക്ക് അനുഗ്രഹമായിരിക്കും"- മോദി പറഞ്ഞു. പാവങ്ങളുടെ ചിട്ടി ഫണ്ട് തട്ടിയെടുത്ത കൊള്ളക്കാരായ സഹപ്രവർത്തകരുടെ മുഖത്തടിക്കാനുള്ള ധൈര്യം മമത കാണിച്ചിരുന്നെങ്കിൽ അവർക്ക് പരാജയത്തെ ഇത്ര ഭയപ്പെടേണ്ടി വരില്ലായിരുന്നുവെന്നും മോദി കുറ്റപ്പെടുത്തി. ബംഗാളിൽ വന്ന് താനൊരു കൊള്ളക്കാരിയാണെന്ന് മോദി പറയുമ്പോൾ, ജനാധിപത്യം കൊണ്ട് അദ്ദേഹത്തിന്റെ മുഖത്ത് അടിക്കാനാണ് തോന്നുന്നത് എന്നായിരുന്നു മമത നേരത്തേ പറഞ്ഞിരുന്നത്.