പാടലീപുത്രം കുടിലതന്ത്രങ്ങളുടെ തലസ്ഥാനമാണ്. സാക്ഷാൽ ചാണക്യന്റെ (കൗടില്യൻ) ദേശം. ലാലു പ്രസാദ് യാദവിന്റെ പുത്രി മിസ ഭാരതി പാടലീപുത്രത്തിൽ നിന്ന് ജനവിധി തേടുമ്പോൾ ലാലു കുടുംബത്തിൽ കുടിലതന്ത്രങ്ങളുടെ ഇടവേളകളില്ലാത്ത വിളയാട്ടം. ലാലു പുത്രന്മാരായ തേജ് പ്രതാപും അനുജൻ തേജസ്വിയും തമ്മിൽ പണ്ടേ തുടങ്ങിയ പോര് അതിന്റെ പാരമ്യത്തിൽ.
2009 ൽ ലാലു പ്രസാദ് യാദവിനെയും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മിസ ഭാരതിയെയും തോൽപ്പിച്ച മണ്ഡലമാണ് പാടലീപുത്ര. ജെ.ഡി.യു സ്ഥാനാർത്ഥി രഞ്ജൻ പ്രസാദ് യാദവ് ആണ് ലാലുവിനെ പരാജയപ്പെടുത്തിയതെങ്കിൽ, അടുത്ത തവണ മകൾക്കു കെണിയൊരുക്കിയത് ഒരിക്കൽ ലാലുവിന്റെ വിശ്വസ്‌തനായിരിക്കുകയും, പിന്നീട് ബി.ജെ.പിയിലേക്ക് കളം മാറുകയും ചെയ്‌ത രാംകൃപാൽ യാദവ് ആണ്. മിസ തോറ്റത് 40,322 വോട്ടിന്റെ വ്യത്യാസത്തിൽ. കഴിഞ്ഞ തവണത്തെ തോൽവിക്കു ശേഷമാണ് മിസ ഭാരതി ബീഹാറിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ പാടലീപുത്രയിൽ നിന്നു തന്നെ വീണ്ടും ഭാഗ്യപരീക്ഷണം.
ഇനി കുടുംബപ്രശ്‌നങ്ങളുടെ ചെറിയൊരു ഫ്ളാഷ് ബാക്ക്: ലാലുവിന് ഒൻപതാണ് മക്കൾ. ഏഴു പെണ്ണും രണ്ട് ആണും. മിസ മൂത്തവൾ. ആൺമക്കളിൽ മൂത്തത് തേജ് പ്രതാപ്. ഇളയവൻ തേജസ്വി. കാലിത്തീറ്റ കുംഭകോണ കേസിൽ ലാലു തടവിലായപ്പോൾ പിൻഗാമിയായി ലാലു തിരഞ്ഞെടുത്തത് ഇളയ പുത്രൻ തേസ്വിയെ. അതിന് റാബ്രിദേവി തുണ നില്‌ക്കുകയും ചെയ്‌തു. 2015 ലെ നിയസഭാ തിരഞ്ഞെടുപ്പിൽ രണ്ട് ആൺമക്കളും മത്സരരംഗത്തുണ്ടായിരുന്നു. രണ്ടുപേരും ജയിച്ചു. അന്ന് തേജസ്വിക്കായിരുന്നു ഉപമുഖ്യമന്ത്രിപദം. മൂത്ത പുത്രന് ക്യാബിനറ്റ് മന്ത്രിപദം. സ്വാഭാവികമായും അതിന്റെ നീരസവും നിരാശയും തേജ് പ്രതാപിന്റെ മനസ്സിലുണ്ട്.
ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പാണ് തേജ് പ്രതാപിന്റെ വൈരാഗ്യം മൂർച്ഛിച്ചത്. അതിന് കാരണവുമുണ്ട്. തന്നോട് അടുപ്പമുള്ള രണ്ടു പേർക്ക് മത്സരിക്കാൻ തേജ് പ്രതാപ്, പാർട്ടി മേധാവിയും അനുജനുമായ തേജസ്വിയോട് രണ്ട് സീറ്റ് ചോദിച്ചു. തേജസ്വി മാത്രമല്ല, റാബ്രിദേവിയും മൂത്ത പുത്രനെ തുണച്ചില്ല. അതു പിന്നെയും സഹിക്കാം- അച്ഛനും അമ്മയും മത്സരിച്ചിട്ടുള്ള സരൺ സീറ്റിൽ പാർട്ടി ടിക്കറ്റ് നൽകിയത് തേജ് പ്രതാപിന്റെ ഭാര്യയായിരുന്ന ഐശ്വര്യയുടെ അച്ഛൻ ചന്ദ്രികാ റായ്‌ക്ക്. വിവാഹം കഴിഞ്ഞ് ആറുമാസം മുമ്പേ തേജ്പ്രതാപ് ഐശ്വര്യയുമായുള്ള വിവാഹബന്ധം വേർപെടുത്താൻ ഹർജി കൊടുക്കുകയായിരുന്നു. അത്തരം സാഹചര്യത്തിൽ അമ്മായിയച്ഛന് ടിക്കറ്റ് കൊടുത്തത് തേജ് പ്രതാപിന് സഹിക്കുമോ!
ചന്ദ്രികാ റായിക്ക് സ്ഥാനാർത്ഥിത്വം നൽകിയ ഉടൻ തേജ് പ്രതാപ് പ്രഖ്യാപിച്ചത്, താൻ അദ്ദേഹത്തിനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്നാണ്. പിന്നീട് ആ തീരുമാനം മാറ്റി. തേജ് വിവാഹമോചന ഹർജി നൽകിയെങ്കിലും, രണ്ടു കുടുംബങ്ങളും തമ്മിൽ ഇപ്പോഴും അടുത്ത ബന്ധത്തിലാണെന്നാണ് ജനസംസാരം. ആ വിഷയത്തിൽ ഒരു അനുനയനീക്കം എന്ന നിലയിലാണത്രേ ചന്ദ്രകാ റായിക്ക് സരണിൽ ടിക്കറ്റ് നൽകിയത്. അതെന്തായാലും തേജ് പ്രതാപ് കടുത്ത വിദ്വേഷത്തിൽത്തന്നെയാണ്.
അതിന്റെ പൊട്ടിത്തെറി കഴിഞ്ഞ ഏപ്രിൽ ഒന്നിനുണ്ടായി. തേജ് പ്രതാപ് ബീഹാറിൽ സ്വന്തം പാർട്ടി പ്രഖ്യാപിച്ചു- ലാലു റാബ്രി മഞ്ച്. 2009 ൽ ലാലു പ്രസാദ് യാദവ് അരലക്ഷത്തിലധികം വോട്ടിന് തിരഞ്ഞെടുക്കപ്പെടുകയും, കഴിഞ്ഞ തവണ റാബ്രിദേവി 40,000 ത്തിലധികം വോട്ടുകളുടെ വ്യത്യാസത്തിൽ പരാജയപ്പെടുകയും ചെയ്‌ത മണ്ഡലത്തിൽ ഇത്തവണ അമ്മ തന്നെ മത്സരിക്കണമെന്നായിരുന്നു തേജ്‌പ്രതാപിന്റെ ആഗ്രഹം. അക്കാര്യം റാബ്രിയോട് പറയുകയും ചെയ്‌തു. പക്ഷേ, ഫലമുണ്ടായില്ല. പാർട്ടിയിൽ തേജസ്വി അവസാന വാക്കായിരിക്കെ, റാബ്രിക്ക് മറ്റൊന്നും പറയാനാകുമായിരുന്നില്ല എന്നതാണ് സത്യം.
അനുജന്മാർ തമ്മിലുള്ള പോരൊന്നും പക്ഷേ ജ്യേഷ്‌ഠത്തി മിസ ഭാരതി തുറന്നുസമ്മതിക്കില്ല. ഇന്നലെയും ഒരു ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മിസ പറഞ്ഞത് ഇങ്ങനെ: തേജും തേജസ്വിയും തമ്മിൽ ചെറിയ പിണക്കമുണ്ടായിരുന്നു. തേജ് പ്രതാപ് അദ്ദേഹത്തിന്റെ നീരസം പരസ്യപ്പെടുത്തുകയും ചെയ്‌തു. ഇപ്പോൾ എല്ലാം അവസാനിച്ചു. പാർട്ടിയുടെ പ്രചാരണത്തിന് തേജ് പ്രതാപ് പങ്കെടുക്കുന്നുണ്ട്. പാടലീപുത്രയിൽ തേജ് പ്രതാപിന്റെ പാർട്ടിക്ക് സ്ഥാനാർത്ഥിയില്ലെങ്കിലും, മറ്റ് ഇരുപതോളം മണ്ഡലങ്ങളിൽ തേജിന് സ്വന്തം സ്ഥാനാർത്ഥികളുണ്ട്. അവിടെയെല്ലാം ആർ.ജെ.ഡി സ്ഥാനാർത്ഥികൾക്കായി തേജ് പ്രതാപ് പ്രചാരണം നടത്തുന്നുമുണ്ട്.
ക്വാട്ടയിൽ ഒരു
ഡോക്‌ടർ
മിസ ഭാരതി ഡോക്‌ടറാണ്. മിസയുടെ എം.ബി.ബി.എസ് ബിരുദത്തിനു പിന്നിൽ അത്ര സുഖകരമല്ലാത്തൊരു ആരോപണകഥയുമുണ്ട്. ജംഷഡ്പൂരിലെ മഹാത്മാ ഗാന്ധി മെമ്മോറിയൽ മെഡിക്കൽ കോളേജിൽ പ്രവേശനത്തിന് എൻട്രൻസ് പരീക്ഷയെഴുതി പരാജയപ്പെട്ട മിസ പിന്നീട് പ്രവേശനം നേടിയത് മുഖ്യമന്ത്രി ക്വാട്ടയിൽ. മിസയുടെ പേരിൽ അടുത്ത വിവാദമുയർന്നത് ആ എം.ബി.ബി.എസ് ബാച്ചിന്റെ റിസൾട്ട് വന്നപ്പോഴാണ്. ഒന്നാം റാങ്ക് മിസയ്‌ക്ക്. അന്ന് മുഖ്യമന്ത്രിക്കസേരയിൽ അമ്മ റാബ്രി ദേവി. സ്‌കൂൾ ക്ളാസുകളിൽ ശരാശരിക്കാരി മാത്രമായിരിക്കുകയും, പ്രവേശന പരീക്ഷയിൽ പരാജയപ്പെടുകയും ചെയ്‌ത മിസയുടെ ഒന്നാം റാങ്ക് വിവാദമായെങ്കിലും മിസ ഡോക്‌ടറായി. പ്രാക്റ്റീസ് ചെയ്യുന്നില്ലെന്നു മാത്രം.
ലാലു കുടുംബവുമായി ബന്ധപ്പെട്ട് മെഡിക്കൽ പ്രവേശന വിവാദം അവിടംകൊണ്ട് അവസാനിച്ചില്ല. ലാലുവിന്റെ മറ്റൊരു പുത്രിയായ രോഹിണി ആചാര്യ ജംഷഡ്പൂർ മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയതും രാഷ്‌ട്രീയ കോലാഹലങ്ങൾക്ക് വഴിവച്ചു. അതും മുഖ്യമന്ത്രി ക്വാട്ടയിൽ. വിവാദങ്ങളെ തുടർന്ന് ടിസ്കോ ക്വാട്ട നിറുത്തലാക്കിയെങ്കിലും പിന്നീട് ജാർഖണ്ഡ് ഡിവിഷൻ ബെഞ്ച് ഇത് പുനസ്ഥാപിച്ചു. ലാലുവിന്റെ മറ്റൊരു പുത്രി രാഗിണി യാദവിന്റെ പേരിലുമുണ്ടായിരുന്നു വിവാദം. റാഞ്ചിയിലെ ബിർള ഇസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ മുഖ്യമന്ത്രി ക്വാട്ടയിൽ രാഗിണി പ്രവേശനം നേടിയെങ്കിലും പഠനം പൂർത്തിയാക്കിയില്ല.