ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ പുതിയ സഖ്യസാദ്ധ്യതയ്ക്ക് വഴിതുറന്ന് ടി.ആർ.എസ് നേതാവും തെലുങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖരറാവു. തിരഞ്ഞെടുപ്പിന് മുമ്പ് ഫെഡറൽ മുന്നണി നീക്കവുമായി രംഗത്തുണ്ടായിരുന്ന കെ.സി.ആർ, ആ ശ്രമം പരാജയപ്പെടുന്നു എന്നു തോന്നിയപ്പോൾ കോൺഗ്രസുമായി അടുക്കുന്നതായാണ് റിപ്പോർട്ടുകൾ.
ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ രാജ്യത്ത് തൂക്ക് സർക്കാർ അധികാരത്തിൽ വന്നേക്കാമെന്ന സാദ്ധ്യതകൾ മുന്നിൽ കണ്ടാണ് ടി.ആർ.എസിന്റെ പുതിയ നീക്കം. പാർട്ടി നേതാക്കളിൽ ഒരാൾ കോൺഗ്രസിന്റെ ഉന്നത നേതാക്കളുമായി ചർച്ച നടത്തിയതായാണ് വിവരം. ഈ കൂടിക്കാഴ്ചയെ കുറിച്ച് ഇരു പാർട്ടികളും സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. കോൺഗ്രസും ബി.ജെ.പിയും ഇല്ലാത്ത ഒരു മൂന്നാം മുന്നണിക്കായിരുന്നു ആദ്യം മുതൽ കെ.ആസി.ആറിന്റെ നീക്കം.
അതേസമയം, കഴിഞ്ഞ ഒരുവർഷമായി ബി.ജെ.പി ഇതരസഖ്യ രൂപീകരണത്തിനായി യു.പി.എയ്ക്ക് അകത്തും പുറത്തുമുള്ള പാർട്ടികളോട് കോൺഗ്രസ് ചർച്ചകൾ നടത്തിവരികയായിരുന്നു. എന്നാൽ, ചർച്ചയുടെ ഒരു ഘട്ടത്തിൽപോലും കെ.സി.ആർ ഉൾപ്പെട്ടിരുന്നില്ല. അതേസമയം, ദീർഘകാലമായി കോൺഗ്രസുമായി അകന്നുകഴിയുന്ന കെ.സി.ആറിനെ കോൺഗ്രസ് വിശ്വാസത്തിലെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ശത്രുവിന്റെ ശത്രു മിത്രം
തെലുങ്കാന സംസ്ഥാന രൂപീകരണത്തിന് മുമ്പും ശേഷവും ബദ്ധവൈരികളാണ് ആന്ധ്ര മുഖ്യമന്ത്രിയായ എൻ.ചന്ദ്രബാബു നായിഡുവും തെലുങ്കാന മുഖ്യനായ കെ.സി.ആറും. ആന്ധ്രയിൽ നായിഡുവിന് കനത്ത വെല്ലുവിളിയുയർത്തി നിൽക്കുന്ന വൈ.എസ്.ആർ നേതാവ് വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുമായും കെ.സി.ആർ കഴിഞ്ഞ ദിവസം ചർച്ചകൾ നടത്തിയതായാണ് റിപ്പോർട്ട്. അതേസമയം, പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ താനില്ലെന്ന് നായിഡു കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
സഖ്യങ്ങൾ മുറുകും
യു.പിയിലെ എസ്.പി-ബി.എസ്.പി-ആർ.എൽ.ഡി സഖ്യം, പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസ് എന്നിവരുൾപ്പെട്ട 21 പ്രതിപക്ഷ പാർട്ടികൾ അവസാനവട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മേയ് 19നും ഫലപ്രഖ്യാപന ദിവസമായ മേയ് 23നും ഇടയ്ക്ക് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.