തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് കൃത്യമായ മറുപടി നൽകാതിരുന്ന കാപ്പെക്‌സിലെ മുൻ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ കെ.കൃഷ്ണകുമാറിന് 10,000 രൂപ പിഴശിക്ഷ. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.കെ.എൽ.വിവേകാനന്ദനാണു പിഴ ഈടാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കശുവണ്ടി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ കാപ്പെക്‌സുമായി ബന്ധപ്പെട്ട വിവരങ്ങളും യോഗങ്ങളുടെ മിനിറ്റ്സിന്റെ പകർപ്പും നൽകണമെന്ന് ആവശ്യപ്പെട്ടു പൊതുപ്രവർത്തകനായ മുളവന രാജേന്ദ്രൻ 2013 സെപ്റ്റംബർ 23ന് അപേക്ഷ നൽകിയെങ്കിലും മറുപടി ലഭിച്ചില്ല.
പിന്നീട് മാനേജിംഗ് ഡയറക്ടർക്കു പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. നിശ്ചിത സമയപരിധിയ്ക്കുള്ളിൽ മറുപടി നൽകാതിരുന്നത് ശിക്ഷാർഹമാണെന്നു ചൂണ്ടിക്കാട്ടി നടപടി സ്വീകരിക്കാൻ കഴിഞ്ഞ വർഷം കമ്മിഷൻ താല്ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉത്തരവ് നൽകി 30 ദിവസത്തിനകം പിഴ നൽകണമെന്നാണ് പുതിയ ഉത്തരവിലുള്ളത്.