ന്യൂഡൽഹി: ഈസ്റ്റ് ഡൽഹിയിലെ ബി.ജെ.പി സ്ഥാനാർത്ഥി ഗൗതം ഗംഭീർ തനിക്കെതിരെ ദുഷ്പ്രചാരണം നടത്തുന്നുവെന്ന ആരോപണവുമായി ആംആദ്മി സ്ഥാനാർത്ഥി അതിഷി. തന്നെക്കുറിച്ച് മോശംകാര്യങ്ങൾ ഉൾപ്പെട്ട ലഘുലേഖകൾ ഗംഭീർ വിതരണം ചെയ്യുന്നതായാണ് അതിഷിയുടെ ആരോപണം. വാർത്താസമ്മേളനം വിളിച്ചുകൂട്ടിയായിരുന്നു അതിഷിയുടെ വെളിപ്പെടുത്തൽ. വാർത്താസമ്മേളനത്തിനിടെ നിരവധിതവണ അതിഷി പൊട്ടിക്കരയുകയും ചെയ്തു. ഗംഭീർ ഇത്രയും തരംതാഴുമെന്ന് കരുതിയില്ലെന്ന് ആംആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളും ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.
ഒരു സ്ത്രീക്കും സഹിക്കാൻ കഴിയാത്ത രീതിയിലുള്ള പരാമർശമാണ് ഗംഭീർ തനിക്കെതിരെ നടത്തിയത്. ഇത്തരം ആളുകൾ തിരഞ്ഞെടുക്കപ്പെട്ടാൽ സ്ത്രീകൾക്ക് എങ്ങനെയാണ് സുരക്ഷിതരായി ജീവിക്കാൻ കഴിയുകയെന്നും അതിഷി ചോദിച്ചു. പോത്തിറച്ചി കഴിക്കുന്ന അഭിസാരികയാണ് അതിഷിയെന്നായിരുന്നു ഗംഭീറിൻെറ വിവാദ പരാമർശം.
അതേസമയം, ആംആദ്മിയുടെ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് ഗംഭീറും രംഗത്തെത്തി. ആരോപണം ആംആദ്മി കെട്ടിച്ചമച്ചതാണെന്നും ആരോപണം തെളിയിക്കാൻ അവർക്ക് കഴിഞ്ഞാൽ, തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറാമെന്നും ഗംഭീർ ട്വിറ്ററിലൂടെ മറുപടി നൽകി. ഞായറാഴ്ചയാണ് ഈസ്റ്റ് ഡൽഹിയിലെ തിരഞ്ഞെടുപ്പ്.