തൊടുപുഴ:കണ്ടം വയ്‌ക്കാറായ കാറുകളോടാണ് അർജുന് പ്രിയം. അത് അക്വേറിയമോ കാഷ് കൗണ്ടറോ ഒക്കെ ആയി മാറുമെന്ന് മാത്രം.
അർജുന്റെ വീട്ടുചുവരിൽ ഇടിച്ചുകയറിയ പോലെ ഒരു കാറുണ്ട്. അത് മനോഹരമായ ഒരു അക്വേറിയമാണ് ! മണക്കാട് കുന്നത്ത് വീട്ടിൽ വേണുവിന്റെ മകൻ അർജുൻ (28) അഞ്ച് വർഷം മുമ്പാണ് 86 മോഡൽ മാരുതി 800 കാർ 30,000 രൂപയ്ക്ക് വാങ്ങിയത്. രണ്ട് വർഷത്തോളം ഓടിച്ചു. പിന്നീട് വീടിന്റെ മുൻവാതിൽ പൊളിച്ച് കാർ അകത്തുകയറ്റി. കാറിന്റെ പിന്നിൽ നിന്ന് പകുതിയോളം പൊളിച്ചെടുത്തു. ചുവന്ന പെയിന്റടിച്ചു, റേഡിയൽ ടയർ ഘടിപ്പിച്ചു. ഡിക്കിയുടെ ഭാഗത്ത് അക്വേറിയം സെറ്റ് ചെയ്തശേഷം സ്വീകരണമുറിയിലെ ഭിത്തിയോട് ചേർത്ത് കാർ ഫിറ്റ്‌ചെയ്തു. ബ്രേക്ക് ലൈറ്റും ഇൻഡിക്കേറ്ററും വൈദ്യുതിയുമായി ബന്ധിപ്പിച്ചു. വെള്ളം നിറച്ച് അലങ്കാര മത്സ്യങ്ങളെ ഇട്ടതോടെ കാർഅക്വേറിയം റെഡി. ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ വൈറലായി.
ആറ് മാസമെടുത്തു ഇത് നിർമ്മിക്കാൻ. കാറിന്റെ വിലയടക്കം ചെലവ് 65,000 രൂപ.
തൊടുപുഴ നഗരത്തിലെ ഒരു ഹോട്ടലിന്റെ കാഷ് കൗണ്ടർ പ്രീമിയർ പദ്മിനി കാർ ഉപയോഗിച്ച് അർജുൻ നിർമ്മിച്ചതാണ്. നാല് വർഷം മുമ്പ് ബൈക്കിന്റെ എൻജിൻ ഉപയോഗിച്ച് ബോട്ട് നിർമ്മിച്ച് തൊടുപുഴയാറ്റിൽ ഓടിച്ച് അർജുൻ വാർത്തകളിൽ ഇടംനേടിയിരുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ് കൈവീശി അഭിവാദ്യം ചെയ്യുന്ന കട്ടൗട്ട് കാറിന്റെ വൈപ്പർമോട്ടർ ഉപയോഗിച്ച് നിർമ്മിച്ചത് കൗതുകമായിരുന്നു.
ബി.എസ്‌സി ഇലക്ട്രോണിക്സ് ബിരുദധാരിയായ അർജുൻ സംസ്ഥാന പ്രവൃത്തിപരിചയ മേളയിലടക്കം സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
കിടപ്പുമുറി പരീക്ഷണശാല
അർജുന്റെ കിടപ്പുമുറി ഒരു പരീക്ഷണശാലയാണ്. ലൈറ്റും ഫാനും ജനാലയുമെല്ലാം പ്രവർത്തിക്കുന്നത് റിമോട്ടിൽ. കട്ടിലും കബോർഡുമെല്ലാം സ്വന്തമായുണ്ടാക്കിയത്. പഴയൊരു പ്രീമിയർ പദ്മിനി കാർ ഉപയോഗിച്ച് സ്വീകരണ മുറിയിലൊരു സെറ്റിയൊരുക്കാനുള്ള പണിപ്പുരയിലാണിപ്പോൾ.
തൊടുപുഴ കരിങ്കുന്നത്ത് സി.സി ടി വി ഇൻസ്റ്റാൾ ചെയ്യുന്ന സ്ഥാപനം നടത്തുകയാണ് അർജുൻ. ഭാവിയിൽ വിന്റേജ് കാറുകൾ ഉപയോഗിച്ച് ഇന്റീരിയർ വർക്കുകൾ സ്റ്റാർട്ട് അപ്പ് പോലെ ചെയ്യണമെന്നാണ് ആഗ്രഹം. അർജുന്റെ എല്ലാ കണ്ടുപിടിത്തങ്ങൾക്കും പിന്തുണയുമായി മാതാപിതാക്കളായ റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ വേണുവും ജയയുമുണ്ട്. അച്യുത് ഇളയ സഹോദരനാണ്.