തിരുവനന്തപുരം: പണം തിരിമറി നടത്തിയ കേസിൽ സഹകരണ ബാങ്ക് മുൻ ജൂനിയർ അക്കൗണ്ടന്റിന് 28വർഷം തടവുശിക്ഷ. കൊല്ലം ജില്ലാ സഹകരണ ബാങ്കിൽ ജൂനിയർ അക്കൗണ്ടന്റായിരുന്ന കൊട്ടാരക്കര പടിഞ്ഞാറ്റിൻകര തെങ്ങുവിള വീട്ടിൽ ഷാജഹാനെയാണ് തിരുവനതപുരം വിജിലൻസ് കോടതി കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷിച്ചത്. ഏഴ് കേസുകളിലായി നാല് വർഷം വീതം 28 വർഷം തടവിനും 5,90,000 രൂപ പിഴ അടയ്ക്കാനുമാണ് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ്. എല്ലാ കേസുകളിലുമായി ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.
1997- 98 കാലത്ത് കൊല്ലം ജില്ലാ ബാങ്കിൽ ജൂനിയർ അക്കൗണ്ടന്റായിരുന്ന ഷാജഹാൻ ലെഡ്ജറിൽ വിവിധയാളുകൾ വൻതുകകൾ നിക്ഷേപിച്ചതായി കാട്ടുകയും ദിവസങ്ങൾക്ക് ശേഷം ഈ വ്യക്തികൾ ഷാജഹാന്റെ സ്വന്തം അക്കൗണ്ടിലേക്ക് ഈ തുക മാറ്റാൻ അപേക്ഷിച്ചതായി രേഖയുണ്ടാക്കിയാണ് പണം തട്ടിയത്. ചെക്കുകളുപയോഗിച്ച് ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നിന്നും 611625 രൂപ തിരിമറി നടത്തി തട്ടിയെടുത്തെന്നാണ് വിജിലൻസ് കേസ്. കൊല്ലം വിജിലൻസ് യൂണിറ്റ് മുൻ ഡിവൈ.എസ്.പിമാരായ സി.ജി. ജയശാന്തിലാൽ, റെക്‌സ് ബോബി അർവിൻ, ജയശങ്കർ, അശോക് കുമാർ തുടങ്ങിയവരാണ് അന്വേഷണം നടത്തി കേസിൽ കുറ്റപത്റം സമർപ്പിച്ചത്.