തിരുവനന്തപുരം: വോട്ടർ പട്ടികയിൽ സി.പി.എം തിരിമറി നടത്തിയെന്ന ആരോപണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പത്തുലക്ഷം യു.ഡി.എഫ് വോട്ടുകൾ തിരഞ്ഞുപിടിച്ച് നീക്കംചെയ്തു. അട്ടിമറി നടത്തുന്നതിനായി ഇടതുസംഘടനയിലുള്ള ഡെപ്യൂട്ടി തഹസിൽദാർമാരെ നിയമിച്ചു. സംസ്ഥാനത്തെ 77 ഡെപ്യൂട്ടി തഹസിൽദാർമാരിൽ 74പേരും ഇത്തരത്തിലുള്ളവരാണ്. ഉമ്മൻചാണ്ടി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
2011 ൽ 12.88ലക്ഷവും 2014 ൽ 11.04ലക്ഷവും ആണ് വോട്ടർപട്ടികയിലെ വർദ്ധനയെങ്കിൽ 2019ൽ അത് വെറും 1.32ലക്ഷമാണ്. 2016 ൽ വോട്ടർപട്ടികയിൽ 2.60കോടിയുണ്ടായിരുന്നു. 2019ൽ ഇത് 2.61കോടിയായി.ഇൗ കാലയളവിൽ കന്നിവോട്ടർമാർ മാത്രം 10.5 ലക്ഷം കൂടിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തന്നെ കണക്ക്. എന്നാൽ വോട്ടർപട്ടികയിലെ വർദ്ധനവ് 1.32ലക്ഷം മാത്രം. വോട്ടർപട്ടികയിൽ നിന്ന് ക്രമരഹിതമായി പത്തുലക്ഷത്തോളം പേരെ ഒഴിവാക്കിയെന്നതിനാലാണിത്. ഉമ്മൻചാണ്ടി പറഞ്ഞു.തെളിവുസഹിതം ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കും.വോട്ടർപട്ടികയിൽ നിന്ന് നിയമവിരുദ്ധമായി പേരുകൾ നീക്കം ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം.
എന്നാൽ മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസർ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ചരിത്രത്തിലില്ലാത്തവിധം എല്ലാവർക്കും തൃപ്തികരമായ ജനങ്ങൾക്ക് ബോധ്യപ്പെടുത്തുന്ന നടപടികളാണ് ടിക്കാറാം മീണ എടുക്കുന്നത്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായ സമീപനം സ്വീകരിച്ച അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ഉമ്മൻചാണ്ടി പറഞ്ഞു. സി. പി. എം. സംസ്ഥാന സെക്രട്ടറി ഭയപ്പെടുത്തി സമ്മർദ്ദത്തിലാക്കാൻ നോക്കിയെങ്കിലും മീണ വഴങ്ങിയില്ല. അത് മനസിലാക്കിയാണ് മുഖ്യമന്ത്രി നിലപാട്മാറ്റിയതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
പൊലീസ് തപാൽ വോട്ട് പ്രശ്നത്തിൽ ക്രമക്കേട് നടത്തിയ പൊലീസ് അസോസിയേഷനെ സംരക്ഷിക്കാനാണ് നീക്കം നടത്തുന്നത്. ഏതാനും പേർക്കെതിരെ മാത്രം അന്വേഷണം നടത്തി പ്രശ്നം ഒതുക്കുന്നത് അംഗീകരിക്കില്ല. തപാൽ വോട്ടെടുപ്പ് റദ്ദാക്കാനും പുതിയ വോട്ടെടുപ്പ് നടത്താനും തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.
പാലാരിവട്ടം മേൽപാലം യു.ഡി.എഫിന്റെഭരണകാലത്താണ് തുടങ്ങിയത്. അതിൽ അഴിമതിയുണ്ടായിട്ടുണ്ടെന്ന ആക്ഷേപം ശരിയല്ല. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി ഉമ്മൻചാണ്ടി പറഞ്ഞു.