pope

 നിയമം പാലിക്കേണ്ടത് 4.15 ലക്ഷം പുരോഹിതന്മാരും 6.60 ലക്ഷം കന്യാസ്‌ത്രീകളും

വത്തിക്കാൻ: കത്തോലിക്ക സഭയിലെ ലൈംഗിക അതിക്രമങ്ങൾ മറച്ചു വയ്‌ക്കാതെ

നിർബന്ധമായും പള്ളി അധികാരികളെ അറിയിക്കാനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി സഭാ നിയമങ്ങൾ ഫ്രാൻസിസ് മാർപാപ്പ ഭേദഗതി ചെയ്‌തു. പുതിയ നിയമപ്രകാരം ലോകമെമ്പാടുമുള്ള 4.15 ലക്ഷം കത്തോലിക്ക പുരോഹിതന്മാരും 6.60 ലക്ഷം കന്യാസ്‌ത്രീകളും ലൈംഗിക പീഡനങ്ങൾ അധികാരികളെ അറിയിക്കാൻ ബാദ്ധ്യസ്ഥരാകും. സഭയിലെ ഉന്നതർ നടത്തുന്ന ലൈംഗികാതിക്രമങ്ങൾ മാത്രമല്ല, ഇത്തരം അതിക്രമങ്ങൾ അവർ മറച്ചു വയ്‌ക്കാൻ ശ്രമിച്ചാൽ അതും അറിയിക്കണം. ലോകമെമ്പാടുമുള്ള ഇടവകകളിൽ ഇത്തരം പരാതികൾ സ്വീകരിക്കാനുള്ള സമിതികൾക്ക് രൂപം നൽകാനും മാർപാപ്പ നിർദ്ദേശിച്ചു. കുറ്റക്കാർ ബിഷപ്പോ കർദ്ദിനാളോ പള്ളിമേലധികാരിയോ ആണെങ്കിൽ പ്രാഥമിക അന്വേഷണം നടത്താനുള്ള മാർഗരേഖകളും നിയമത്തിലുണ്ട്.

വെളിപ്പെടുത്തലുകൾ നടത്തുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം. അവർക്ക് സംരക്ഷണം നൽകണം. ഇവർക്ക് സാമ്പത്തികമായ പ്രതിഫലം ഒഴികെ എല്ലാ സഹായങ്ങളും നൽകാനും മാർപാപ്പ നിർദ്ദേശിച്ചു.

ലോക കത്തോലിക്കാ സഭയ്‌ക്കും പാപ്പയെന്ന നിലയിൽ തനിക്കും കളങ്കമുണ്ടാക്കും വിധത്തിൽ ലൈംഗിക പീഡനങ്ങൾ വർദ്ധിക്കുന്നതും അവ മറച്ചു വയ്‌ക്കുന്നതുമാണ് പുതിയ നിയമം കൊണ്ടു വരാൻ മാർപാപ്പയെ പ്രേരിപ്പിച്ചത്.

പുതിയ നിയമപ്രകാരം ഇത്തരം വിവരങ്ങൾ പൊലീസിനെ അറിയിക്കേണ്ട.

നിയമം പൂർണമായി നടപ്പായാൽ വരും വർഷങ്ങളിൽ ഇത്തരം വെളിപ്പെടുത്തലുകളുടെ മലവെള്ളപ്പാച്ചിലാവും വത്തിക്കാൻ കാണേണ്ടി വരിക.

പുരോഹിതർക്കും കന്യാസ്‌ത്രീകൾക്കും എത്ര പഴക്കമുള്ള കാര്യങ്ങളും വെളിപ്പെടുത്താം.

വെളിപ്പെടുത്തൽ വസ്‌തുതാപരമാണെന്ന് പള്ളി മേലധികാരിക്ക് ബോദ്ധ്യപ്പെട്ടാൽ വത്തിക്കാനെ അറിയിച്ച് പ്രാഥമികാന്വേഷണം തുടങ്ങാൻ അനുമതി തേടണം. 30 ദിവസത്തിനകം വത്തിക്കാൻ മറുപടി നൽകും. പിന്നെ 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണം. ആവശ്യമെങ്കിൽ കാലാവധി നീട്ടാം.

അറിയിക്കേണ്ട വിവരങ്ങൾ

പുരോഹിതനോ കന്യാസ്‌ത്രീയോ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത്

പ്രായപൂർത്തിയായവരെ ലൈംഗികമായി പീഡിപ്പിക്കുന്നത്

കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ കൈവശം വയ്‌ക്കുന്നത്

ലൈംഗികാതിക്രമങ്ങൾ മറച്ചു വയ്‌ക്കുന്നത്