k-surendran

തൃശൂർ: തൃശൂർ പൂരത്തെ തകർക്കാൻ ഗൂഢാലോചന നടക്കുന്നതായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. . പൂരത്തിനായി ഏതാനും മണിക്കൂറുകൾ മാത്രമാണ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ ആവശ്യമുള്ളത്. എന്നിട്ടും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ ഒഴിവാക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും ശബരിമല വിഷയത്തിന്റെ തുടർച്ചയാണോ ഇതെന്ന് സംശയമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ കുറച്ചുകാലങ്ങളായി പൂരത്തിനെതിരെ നടക്കുന്ന ചില കളികളുടെ ഭാഗമാണോ ഇത്തരം നീക്കങ്ങളെന്ന് സംശയിക്കേണ്ടതുണ്ട്. നാട്ടിലെ നിയമലംഘനത്തില്‍ ഇടപെടാത്ത ജില്ലാ കളക്ടർ ഈ വിഷയത്തിൽ കാണിക്കുന്ന തിടുക്കം സംശയാസ്പദമാണെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി. വിശ്വാസികളെ വെല്ലുവിളിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കണം. സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ തയ്യാറാകണം. പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ മന്ത്രി വി.എസ്.സുനിൽകുമാറിന് ബാദ്ധ്യതയുണ്ടെന്നും തിരഞ്ഞെടുപ്പ് കാലത്തെ നിലപാടല്ല മന്ത്രി ഇപ്പോൾ പറയുന്നതെന്നും കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി.