കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന പാദമായ ജനുവരി-മാർച്ചിൽ 70.51 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിലെ 114.10 കോടി രൂപയെ അപേക്ഷിച്ച് 38.16 ശതമാനം കുറവാണിത്. കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പ് (പ്രൊവിഷൻസ്) തുക 149 കോടി രൂപയിൽ നിന്ന് 219 കോടി രൂപയിലേക്ക് ഉയർന്നിതാണ് ലാഭത്തെ ബാധിച്ചതെന്ന് ചെയർമാൻ സലിം ഗംഗാധരൻ, മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ വി.ജി. മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷം ബാങ്കിന്റെ മൊത്തം ലാഭം 2017-18ലെ 334.89 കോടി രൂപയിൽ നിന്ന് 247.52 കോടി രൂപയായും കുറഞ്ഞു. മൊത്തം ബിസിനസ് 1.27 ലക്ഷം കോടി രൂപയിൽ നിന്ന് 13.31 ശതമാനം വർദ്ധിച്ച് 1.44 ലക്ഷം കോടി രൂപയിലെത്തി. മൊത്തം നിക്ഷേപം 11.65 ശതമാനവും വായ്‌പകൾ 15.47 ശതമാനവും എൻ.ആർ.ഐ നിക്ഷേപം 13.69 ശതമാനവും ഉയർന്നു. അറ്ര പലിശ വരുമാനം 492 കോടി രൂപയിൽ നിന്ന് 1.45 ശതമാനം ഉയർന്ന് 499 കോടി രൂപയായി.
പ്രവർത്തനലാഭം 311 കോടി രൂപയിൽ നിന്ന് 328 കോടി രൂപയായി മെച്ചപ്പെട്ടു. വർദ്ധന 5.36 ശതമാനം. അതേസമയം, ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്‌തി 3.59 ശതമാനത്തിൽ നിന്ന് 4.92 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി 2.60 ശതമാനത്തിൽ നിന്ന് 3.45 ശതമാനത്തിലേക്കും ഉയർന്നു. പ്രൊവിഷനിംഗ് തുകയുടെ ബാദ്ധ്യത നാലോ അഞ്ചോ ത്രൈമാസങ്ങളിലേക്ക് കൂടി നീണ്ടേക്കാമെന്ന് വി.ജി. മാത്യു പറഞ്ഞു. കാർഷികം, എം.എസ്.എം.ഇ., റീട്ടെയിൽ വായ്‌പാ വിഭാഗങ്ങളിൽ മികച്ച വളർച്ച നേടാൻ ബാങ്കിന് കഴിഞ്ഞു. ഓഹരിയുടമകൾക്ക് ഓഹരിയൊന്നിന് 0.25 ശതമാനം വീതം ലാഭവിഹിതം ബാങ്കിന്റെ ഡയറക്‌ടർ ബോർഡ് ശുപാർശ ചെയ്‌തിട്ടുണ്ട്.