ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി യുദ്ധക്കപ്പലായിരുന്ന ഐ.എൻ.എസ് വിരാട് കുടുംബവുമൊത്തുള്ള അവധിയാഘോഷത്തിന് ഉപയോഗിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണം മുൻ നാവികസേനാ മേധാവി അഡ്‌മിറൽ എൽ.രാംദാസ് നിഷേധിച്ചു. ഭാര്യ സോണിയ ഗാന്ധിയുടെ വിദേശികളായ ബന്ധുക്കളെയടക്കം നാവികസേന കപ്പലിൽ കയറ്റി രാജ്യസുരക്ഷയെ അപായത്തിലാക്കി എന്നും രാജ്യത്തിന്റെ സമുദ്രസുരക്ഷ നോക്കുന്ന ഐ.എൻ.എസ് വിരാടിനെ രാജീവ് ഗാന്ധി പ്രൈവറ്റ് ടാക്‌സിയാക്കിയെന്നുമായിരുന്നു മോദി ആരോപിച്ചത്.
അന്ന് കൊച്ചി ആസ്ഥാനമായ ദക്ഷിണ നാവിക കമാൻഡിന്റെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് ആയിരുന്ന താൻ ഐ. എൻ. എസ് വിരാടിൽ ഉണ്ടായിരുന്നെന്നും തുറന്ന കത്തിൽ രാംദാസ് വ്യക്തമാക്കി. 1987ൽ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ഐ.എൻ.എസ് വിരാട് സന്ദർശിച്ചത് അവധി ആഘോഷിക്കാനായിരുന്നില്ല. ലക്ഷദ്വീപിലേക്കുള്ള ഔദ്യോഗിക യാത്രയായിരുന്നു.
ദേശീയ ഗെയിംസ് സമ്മാനങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങിൽ മുഖ്യാതിഥിയായി രാജീവ് ഗാന്ധി അന്ന് തിരുവന്തപുരത്ത് ഉണ്ടായിരുന്നു. ഭാര്യ സോണിയയും മകൻ രാഹുലും ഒപ്പമുണ്ടായിരുന്നു. തിരുവനന്തപുരത്ത് നിന്ന് രാജീവിനേയും സോണിയയേയും ഹെലികോപ്റ്ററിൽ കപ്പലിലേക്ക് കൊണ്ടുപോയി. വിദേശികളാരും അവർക്കൊപ്പമുണ്ടായിരുന്നില്ല. രാഹുൽ ഉണ്ടായിരുന്നില്ല. കപ്പലിൽ നിന്ന് രാജീവും സോണിയയും മാത്രം ഹെലികോപ്റ്ററിൽ ചില ദ്വീപുകളിലേക്ക് പോയി. പ്രധാനമന്ത്രിക്ക് ഐലൻഡ്‌സ് ഡെവലപ്‌മെന്റ് അതോറിട്ടി യോഗത്തിൽ പങ്കെടുക്കണമായിരുന്നു. ഗാന്ധി കുടുംബത്തിന്റെ സ്വകാര്യ ആവശ്യത്തിന് ഒരു കപ്പലും തിരിച്ചു വിട്ടില്ലെന്നും രാംദാസ് വ്യക്തമാക്കി.
ആ സമയം വിരാടിന്റെ കമാൻഡിംഗ് ഓഫീസറായിരുന്ന മുൻ വൈസ് അഡ്മിറൽ വിനോദ് പശ്‌റീച്ചയെയും ഐ.എൻ.എസ് വിദ്യാഗിരിയുടെ കമാൻഡറായിരുന്ന റിട്ട. അഡ്മിറൽ അരുൺ പ്രകാശ്, ഐ.എൻ.എസ് ഗംഗയുടെ കമാൻഡറായിരുന്ന റിട്ട.അഡ്മിറൽ മദൻജിത്ത് സിംഗ് എന്നിവരുടെ പ്രതികരണവും രാംദാസ് പ്രസ്താവനയിൽ ചേർത്തിട്ടുണ്ട്. ഐ.എൻ.എസ് വിരാടിന് അകമ്പടിയായി പോയ കപ്പലുകളായിരുന്നു ഐ.എൻ.എസ് വിദ്യാഗിരിയും ഐ.എൻ.എസ് ഗംഗയും.
''പ്രധാനമന്ത്രി വിമാനവാഹിനികൾ അടക്കമുള്ള യുദ്ധക്കപ്പലുകളിൽ എത്തുന്നത് സാധാരണയാണ്. ഔദ്യോഗിക യാത്രകളിൽ പ്രധാനമന്ത്രിക്കും ഭാര്യയ്‌ക്കും സർവീസ് വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിക്കാൻ അനുമതിയുണ്ട്. "
– വിനോദ് പശ്റീച്ച
''സതേൺ നേവൽ കമാൻഡിന്റെ ഫ്ലാഗ് ഓഫീസറായിരുന്ന ഞാനും ഐ.എൻ.എസ് വിരാടിലുണ്ടായിരുന്നു. നാവികാഭ്യാസത്തിന്റെ ഭാഗമായി മറ്റ് മൂന്ന് കപ്പലുകളും വിരാടിനെ അനുഗമിച്ചിരുന്നു. അതിലൊന്നും വിദേശികളാരും ഉണ്ടായിരുന്നില്ല. ഫ്ലാഗ് ഓഫീസറെന്ന നിലയിൽ ഞാൻ അവർക്ക് അത്താഴവിരുന്നൊരുക്കി. അതല്ലാതെ വിരാടിലോ മറ്റ് കപ്പലുകളിലോ ഒരു പാർട്ടിയും നടന്നില്ല"
- രാംദാസ്, നാവികസേന മുൻ മേധാവി