ന്യൂഡൽഹി: അയോദ്ധ്യ കേസ് വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും. തർക്കപരിഹാരത്തിന് സുപ്രീംകോടതി നിയമിച്ച മദ്ധ്യസ്ഥ സമിതി റിപ്പോർട്ട് സമർപ്പിച്ചതിനെതുടർന്നാണ് കേസ് നാളെ പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
മുൻ സുപ്രീംകോടതി ജഡ്ജി ഫക്കീർ മുഹമ്മദ് ഇബ്രാഹിം ഖലീഫുള്ള, മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു, ശ്രീ ശ്രീ രവിശങ്കർ എന്നിവരായിരുന്നു മദ്ധ്യസ്ഥ സമിതിയിലുണ്ടായിരുന്നത്. മൂന്നംഗ സമിതി എട്ടാഴ്ച കേസിലെ കക്ഷികളുമായി ചർച്ച നടത്തിയശേഷമാണ് റിപ്പോർട്ട് കൈമാറിയത്. അയോദ്ധ്യയ്ക്കു സമീപം ഫൈയ്സാബാദിലായിരുന്നു മദ്ധ്യസ്ഥ ചർച്ചകൾ നടന്നത്. മേയ് മൂന്നിനാണ് മദ്ധ്യസ്ഥ ചർച്ചകൾക്കുള്ള സമയപരിധി അവസാനിച്ചത്.