bjp-in-bengal

കൊൽക്കത്ത: പശ്ചിമബംഗാളിൽ മമത ബാനർജിയെ തകർക്കാനായി സി.പി.എമ്മും ബി.ജെ.പിയും കെെകോർക്കുന്നതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടി പ്രദേശിക തലത്തിൽ സി.പി.എം പ്രവർത്തിക്കുന്നുണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തൃണമുൽ കോൺഗ്രസിനെ പരാജയപ്പെടുത്താനായി ബംഗാളിലെ വിവിധ ബൂത്തുകളിൽ സി.പി.എമ്മും ബി.ജെ.പിയുമായി കെെകോർത്തു പ്രവർത്തിക്കുന്നു.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും പലയിടങ്ങളിൽ ധാരണയിൽ മത്സരിച്ചിട്ടുണ്ടെന്ന പ്രദേശിക നേതാക്കളുടെ വെളിപ്പെടുത്തൽ വലിയ വാർത്തയായിരുന്നു. എന്നാൽ തൃണമൂൽ പ്രചരിപ്പിക്കുന്ന കല്ലുവച്ച നുണയാണ് ഇതെന്നായിരുന്നു സീതറാം യച്ചൂരിയുടെ പ്രതികരണം. സി.പി.എമ്മിനു പ്രാതിനിധ്യമുളള പ്രദേശങ്ങളിലെ പല പോളിങ് ബൂത്തുകളിലും സി.പി.എം പ്രവർത്തകരാണ് ബി.ജെ.പിയുടെ പ്രവർത്തനങ്ങൾക്കു സഹായം നൽകുന്നത്. ഗ്രാമപ്രദേശങ്ങളിൽ സംഘടനാ സംവിധാനം ദുർബലമായ ബി.ജെ.പിക്ക് ഇത് ഗുണം ചെയ്യുന്നുവെന്നു വ്യക്തമാക്കുന്നു.

തൃണമുൽ പ്രവർത്തകരുടെ പീഡമേൽക്കേണ്ടിവരുന്ന സി.പി.എം പ്രവർത്തകർക്ക് മമത ബാനർജിക്കെതിയുള്ള ആയുധം കൂടിയാണ് ബി.ജെ.പിയുമായുള്ള ബന്ധം.കൊൽക്കത്തയിലെ ഉത്തർ മണ്ഡലത്തിൽ 1862 പോളിങ് ബൂത്തുകൾ ആണ് ഉള്ളത്. എന്നാൽ അതിൽ 500 ഓളം തിരഞ്ഞെടുപ്പ് ഏജന്റുമാരേ ബി.ജെ.പിക്ക് ഇവിടെ ഉള്ളൂ. ബാക്കിയുള്ള ബൂത്തുകളിൽ സി.പി.എമ്മിന്റെ പ്രാദേശിക നേതൃത്വത്തിന്റെ സഹായം ലഭിക്കുന്നതായും ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വീടുകൾ കയറിയുള്ള പ്രചാരണങ്ങളിലും നിശബ്ദ പ്രചാരണത്തിനും ബി.ജെ.പിയെ സി.പി.എം പിന്തുണക്കുന്നു. ബംഗാളിലെ വിജയം ബി.ജെ.പിക്ക് അനിവാര്യമാണ്. ഹിന്ദി ഹൃദയ ഭൂമിയിൽ നിന്ന് നഷ്ടപ്പെടുന്ന സീറ്റുകൾക്കു പകരം ബി.ജെ.പി നോട്ടമിടുന്നത് ബംഗാളിനെയാണ്. എന്നാൽ ഇടതുപക്ഷത്തിന്റെ വോട്ട് കുറഞ്ഞ് വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. 2011 ലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ വോട്ട് വിഹിതം 39.6 ശതമാനമാണെങ്കിൽ അഞ്ച് വർഷത്തിന് ശേഷം 25.6 ശതമാനമായി കുറയുകയും ചെയ്തു.