കോഴിക്കോട് : കോഴിക്കോട് എൻ.ഐ.ടിയിൽ 50 ലക്ഷം രൂപ വാർഷിക ശമ്പളത്തിൽ കാമ്പസ് റിക്രൂട്ട്മെന്റ്. കമ്പ്യൂട്ടർ സയൻസ് ബി.ടെക് വിദ്യാർത്ഥിയായ ആന്ധ്രപ്രദേശ് സ്വദേശി എം. ഹേമന്തിനാണ് യു.കെ കേന്ദ്രമായി പ്രവർത്തിക്കുന്ന ആർട്ടിഫാക്ട് കമ്പനിയിൽ ജോലി ലഭിച്ചത്. കോഴിക്കോട് എൻ.ഐ.ടിയുടെ കാമ്പസ് റിക്രൂട്ട്മെന്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ശമ്പളമാണിത്.
ആർട്ടിഫാക്ട് ആദ്യമായാണ് കോഴിക്കോട് എൻ.ഐ.ടിയിൽ എത്തുന്നത്.
ഒരു വിദ്യാർത്ഥിയെ മാത്രമെ അവർ തിരഞ്ഞെടുത്തുള്ളൂ. ആർട്ടിഫാക്ടിന് പുറമെ മറ്റ് രണ്ട് വിദേശ കമ്പനികളും ഇക്കൊല്ലത്തെ കാമ്പസ് റിക്രൂട്ട്മെന്റിൽ പങ്കെടുക്കാൻ എത്തിയിരുന്നു. മൊത്തം ആറ് പേർക്കാണ് ഇവർ നിയമനം നൽകിയത്.
ആമസോൺ, മൈക്രോസോഫ്റ്റ്, മർട്ടിപ്ളക്സ്, സിസ്കോ, ജനറൽ ഇലക്ട്രിക്, ഇൻടെൽ, അഡോബ്, മോർഗൻ സ്റ്റാൻലി, മാരുതി സുസുക്കി, ജെ.പി മോർഗൻ, നുടാനിക്‌സ്, സാപ്പ്, ശോഭ ഡെവലപ്പേഴ്‌സ്, എൽ ആൻഡ് ടി, ഒറക്കിൾ, ടാർജറ്റ്, അംഡക്‌സ്, എം. ആർ.എഫ് എന്നിവയും കാമ്പസ് റിക്രൂട്ട്മെന്റിന് എത്തിയിരുന്നു.
ഏറ്റവും കൂടുതൽ പേർക്ക് നിയമനം നൽകിയത് എൽ ആൻഡ് ടിയാണ്- 46 പേർ. ഒറക്കിൾ 26 പേർക്കും ടാർജറ്റ് 21 പേർക്കും അംഡക്‌സ് 20 പേർക്കും എം. ആർ.എഫ് 19 പേർക്കും നിയമനം നൽകി.
എൻ.ഐ.ടിയിൽ ഈ വർഷം 609 പേർക്ക് കാമ്പസ് റിക്രൂട്ട്മെന്റിലൂടെ നിയമനം ലഭിച്ചു. പത്ത് ലക്ഷം രൂപയാണ് ശരാശരി ശമ്പളം.
ബി.ടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾക്കാണ് ഏറ്റവും കൂടുതൽ നിയമന ഉത്തരവ് ലഭിച്ചത്. 121 വിദ്യാർത്ഥികളിൽ 120 പേർക്കും നിയമനം ലഭിച്ചു.15 ലക്ഷം രൂപയാണ് ശരാശരി ശമ്പളം.
മറ്റ് വിഭാഗങ്ങളിലെ കാമ്പസ് റിക്രൂട്ട്മെന്റ് ശതമാനം:
ബി.ടെക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് -85,
മെക്കാനിക്കൽ-80,
സിവിൽ -80.
ബയോടെക്‌നോളജിയിൽ 8 പേർക്കും കെമിക്കലിൽ 36 പേർക്കും നിയമന ഉത്തരവ് ലഭിച്ചു.