election-2019

ധൃതരാഷ്ട്രർ

മഹാഭാരതം: കുരുവംശാധിപൻ. കൗരവരുടെ പിതാവ്. അന്ധൻ.

ഹിന്ദുക്കളെയും മുസ്ളിങ്ങളെയും വിഭജിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സാമുദായിക ധ്രുവീകരണത്തിന് നരേന്ദ്രമോദി ശ്രമം തുടങ്ങിയതായി കോൺഗ്രസ് വക്താവ് രൺദീപ്‌സിംഗ് സുർജേവാല ന്യൂഡൽഹിയിൽ പറഞ്ഞത് കഴിഞ്ഞ ജൂലായിൽ. അധികാരഭ്രമം കാരണം മഹാഭാരതത്തിലെ ധൃതരാഷ്‌ട്രരെപ്പോലെ മോദി അന്ധനായിക്കഴിഞ്ഞു എന്നായിരുന്നു ആക്ഷേപം. മതസാഹോദര്യം ഇല്ലാതാക്കുന്ന ബി.ജെ.പി ദുര്യോധനനെ പോലെയാണെന്നും അന്ന് സുർജേവാല പറഞ്ഞിരുന്നു.

ദുര്യോധനൻ

മഹാഭാരതം: ധൃതരാഷ്ട്രരുടെയും ഗാന്ധാരിയുടെയും പുത്രൻ. കൗരവരിൽ മൂത്തയാൾ.

അഹങ്കാരിയായ ദുര്യോധനെപ്പോലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ദുര്യോധനന്റെ പതനത്തിനു കാരണമായത് അദ്ദേഹത്തിന്റെ ധാർഷ്‌ട്യമാണ്.മഹാഭാരതത്തിൽ ഭഗവാൻ കൃഷ്‌ണൻ ദുര്യോധനനെ ഉപദേശിച്ചു നേ‌ർവഴിക്കാക്കാൻ ശ്രമം നടത്തിയതാണ്. അപ്പോൾ അദ്ദേഹം കൃഷ്‌ണനെ തടങ്കലിലാക്കുമെന്ന സ്ഥിതിയായി- ന്യൂഡൽഹിയിൽ രണ്ടു ദിവസം മുമ്പായിരുന്നു നരേന്ദ്ര മോദിക്കെതിരെ പ്രിയങ്കയുടെ ദുര്യോധന പ്രയോഗം.

അർജ്ജുനൻ

മഹാഭാരതം: പാണ്ഡവരിൽ മൂന്നാമൻ. ഇന്ദ്രന് കുന്തിയിൽ ജനനം.

പ്രധാനമന്ത്രിക്ക് എതിരെ പ്രിയങ്ക ഗാന്ധി നടത്തിയ ദുര്യോധന പ്രയോഗത്തിന് ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുടെ മറുപടി അർജ്ജുനനെ രംഗപ്രവേശം ചെയ്യിച്ചായിരുന്നു. അതേ ദിവസം ബംഗാളിലെ ബിഷ്‌ണുപൂരിലെ തിരഞ്ഞെടുപ്പു റാലിയിൽ അമിത് ഷാ പറഞ്ഞു: "പ്രിയങ്കാ ബേഠീ... ഇത് ജനാധിപത്യമാണ്. നിങ്ങൾ ഒരാളെ ദുര്യോധനൻ എന്നു വിളിച്ചതുകൊണ്ട് അയാൾ അതാകില്ല. മേയ് 23 ന് വോട്ടുകൾ എണ്ണിക്കഴിയുമ്പോൾ അറിയാം, മോദിജി ദുര്യോധനൻ ആണോ അതോ അർജ്ജുനൻ ആണോ എന്ന്.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെക്കുറിച്ച് മോദി നടത്തിയ ഭ്രഷ്‌ടചാരി പ്രയോഗത്തിന് മറുപടിയായിരുന്നു മകൾ പ്രിയങ്കയുടെ ദുര്യോധന പ്രയോഗം.

ദുശ്ശാസനൻ

ദുര്യോധനന്റെ സഹോദരൻ. മഹാഭാരത യുദ്ധത്തിൽ ഭീമനാൽ വധിക്കപ്പെട്ടു.

ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായെ ദുശ്ശാസനനോടും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദുര്യോധനനോടും ഉപമിച്ചത് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഒരു മാസം മുമ്പായിരുന്നു യെച്ചൂരിയുടെ പരാമർശം. ദുര്യോധനനും ദുശ്ശാസനനും ചേർന്ന് പഞ്ചപാണ്ഡവരിൽ നിന്ന് അധികാരം നേടാൻ നടത്തിയ ശ്രമാണ് മഹാഭാരതയുദ്ധത്തിന് കാരണമായതെന്നും, അതുപോലെയാണ് അമിത് ഷായും മോദിയും അധികാരത്തിനായി നടത്തുന്ന പരിശ്രമങ്ങളെന്നും യെച്ചൂരിയുടെ ആക്ഷേപം. പാഞ്ചാലീ വസ്ത്രാക്ഷേപത്തിലൂടെ പുരാണങ്ങളിലെ എക്കാലത്തെയും സ്ത്രീവിരുദ്ധനായി അപഹസിക്കപ്പെടുന്ന ദുശ്ശാസനനായി തന്നെ വിശേഷിപ്പിച്ചതിനോട് അമിത് ഷാ ഇതുവരെ പ്രതികരിച്ചില്ല.

ഭസ്‌മാസുരൻ

ശിവമഹാ പുരാണം: താൻ വിരൽചൂണ്ടുന്നവരെല്ലാം ഭസ്‌മമായിപ്പോകാൻ ശിവനിൽ നിന്ന് വരം നേടിയ അസുരൻ. വരം ശിവനു നേർക്കു പ്രയോഗിക്കാൻ തുനിഞ്ഞ അസുരനെ വിഷ്‌ണു വധിച്ചു.

മോദിക്കു നേരെ പ്രിയങ്കയുടെ വാക്‌ശരം തുട‌ർച്ചയായപ്പോൾ ബുധനാഴ്‌ച കുരുക്ഷേത്രയിലെ റാലിയിൽ മോദി പറഞ്ഞു: "ഞാൻ രാജീവ് ഗാന്ധിയെ ഭ്രഷ്‌ടചാരി എന്നല്ലേ വിളിച്ചുള്ളൂ. നേരത്തേ ഒരു കോൺഗ്രസ് നേതാവ് എന്നെ വിളിച്ചത് ഭസ്‌മാസുരൻ എന്നാണ്. മറ്റൊരാൾ ഭ്രാന്തൻ നായ എന്നു വിളിച്ചു. വിദേശകാര്യ മന്ത്രിപദം വഹിച്ചിട്ടുള്ള ഒരു കോൺഗ്രസ് നേതാവ് എന്നെ വിളിച്ചത് വാനരൻ എന്നാണ്. അപ്പോഴൊന്നും ഞാൻ ഒന്നും മിണ്ടിയിട്ടില്ല."

ശൂർപ്പണഖ

രാമായണം: ലങ്കാപതിയായ രാവണന്റെ സഹോദരി. മുറം പോലെ നഖമുള്ളവൾ എന്നാണ് പേരിന്റെ അർത്ഥം. ഒരിക്കൽ സീതയെ ആക്രമിക്കാനടുത്ത ശൂർപ്പണഖയുടെ മൂക്കും സ്‌തനങ്ങളും ലക്ഷ്‌മണൻ ഛേദിച്ചു.

ആർ.ജെ.ഡി നേതാവും ലാലുപ്രസാദ് യാദവിന്റെ പുത്രിയും രാജ്യസഭാംഗവുമായ മിസാ ഭാരതിയെക്കുറിച്ച് ഇക്കഴിഞ്ഞ ബുധനാഴ്‌ച ജെ.ഡി.യു വക്താവ് സഞ്ജയ് സിംഗ് പറഞ്ഞത്: "ലാലുവിന്റെ കുടുംബത്തിൽ ഇപ്പോൾ മിസാ ഭാരതിയുടെ റോൾ രാമായണത്തിലെ ശൂർപ്പണഖയുടേതാണ്. രാവണനും സഹോദരൻ വിഭീഷണനും തമ്മിലുള്ള ശത്രുതയ്‌ക്ക് കാരണം സഹോദരിയായ ശൂർപണഖ ആയിരുന്നു. അതുപോലെ, സ്വന്തം അനുജന്മാരായ തേജ് പ്രതാപിനെയും തേജസ്വിയെയും തമ്മിൽത്തല്ലിക്കുന്ന ജോലിയാണ് ഇപ്പോൾ മിസാ ഭാരതിക്ക്."

ജെ.ഡി.യു നേതാവിന്റെ ആക്ഷേപത്തെ ആർ.ജെ.ഡി നേരിട്ടതും പുരാണ പരാമർശങ്ങളോടെ ആയിരുന്നു. പാർട്ടിയിൽ തങ്ങൾക്ക് സീതയും രാധയുമുണ്ടെന്നും, ജെ.ഡി.യു വളർത്തുന്നത് ചെകുത്താന്മാരെയും ദുഷ്‌ടശക്തികളെയും മാത്രമാണെന്നും ആയിരുന്നു ആർ.ജെ.ഡി വക്താവ് വിജയ് പ്രകാശിന്റെ പരിഹാസം.