കോഴിക്കോട്: ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി പരീക്ഷകളിൽ ചില വിദ്യാർത്ഥികൾക്കു വേണ്ടി പരീക്ഷ എഴുതുകയും ഉത്തരക്കടലാസുകളിൽ തിരുത്തൽ വരുത്തുകയും ചെയ്ത അദ്ധ്യാപകരെയും അതിന് കൂട്ടുനിന്ന പ്രിൻസിപ്പലിനെയും സസ്പെൻഡ് ചെയ്തു. കോഴിക്കോട് മുക്കം നഗരസഭ പരിധിയിലെ നീലേശ്വരം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും പരീക്ഷാ ചീഫ് സൂപ്രണ്ടുമായിരുന്ന റസിയ .കെ, പരീക്ഷാ ഡെപ്യൂട്ടി ചീഫ് ഫൈസൽ .പി.കെ, അഡിഷണൽ ഡെപ്യൂട്ടി ചീഫ് നിഷാദ് വി. മുഹമ്മദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരീക്ഷാച്ചുമതലയുണ്ടായിരുന്ന അഡിഷണൽ ഡെപ്യൂട്ടി ചീഫ് നിഷാദ് വി. മുഹമ്മദ് ചില വിദ്യാർത്ഥികൾക്കു വേണ്ടി പരീക്ഷ എഴുതുകയും കമ്പ്യൂട്ടർ ആപ്ലിക്കേഷന്റെ 32 ഉത്തരക്കടലാസുകൾ തിരുത്തിയെഴുതുകയും ചെയ്തു.
ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡയറക്ടർ നടത്തിയ ഹിയറിംഗിൽനിന്ന് ഒഴിവാക്കണമെന്ന് ഡെപ്യൂട്ടി ചീഫ് അപേക്ഷിച്ചു. പ്രിൻസിപ്പലിന്റെ ഒത്താശ ഇക്കാര്യത്തിൽ വ്യക്തമാണെന്നും വ്യാപകമായ ക്രമക്കേടുകൾ നടന്നതായി സംശയിക്കുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അത്യന്തം ഗൗരവത്തോടെ കാണേണ്ട വിദ്യാർത്ഥികളുടെ ഭാവി നിർണയിക്കുന്ന പരീക്ഷാനടത്തിപ്പിൽ സ്ഥാപനമേധാവിക്ക് യോജിക്കാത്തവിധത്തിൽ ഗുരുതരമായ ക്രമക്കേട് കാണിച്ചതിനും കൃത്യവിലോപത്തിനുമാണ് അച്ചടക്കനടപടിയെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവിൽ പറയുന്നു.