കൊൽക്കത്ത: പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയാൽ ഡി.സി.പിയാകുമോ? ആകുമെന്ന് പറയും, കൊൽക്കത്തയിലെ ജി.ഡി. ബിർള സെന്റർ ഫോർ എജ്യുക്കേഷനിലെ വിദ്യാർഥിനിയായ റിച്ച.
കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻസ് (സി.ഐ.എസ്.സി.ഇ) നടത്തിയ പന്ത്രണ്ടാം ക്ലാസ് (ഐ.എസ്.സി) പരീക്ഷയിൽ നാലാം റാങ്ക് നേടിയതിന് കൊൽക്കത്ത പൊലീസ് റിച്ചയ്ക്ക് നൽകിയ ആദരമായിരുന്നു ആറുമണിക്കൂർ നേരത്തെ ഡിസിപി പദവി.
99.25 ശതമാനം മാർക്കാണ് നേടിയത്. ഗരിയാഹട്ട് സ്‌റ്റേഷനിലെ അഡീഷണൽ ഓഫീസർ ഇൻ ചാർജ് രാജേഷ് സിങിംഗിന്റെ മകളാണ് റിച്ച. ഉയർന്ന റാങ്കിലുള്ള ഓഫീസറായപ്പോൾ പിതാവിന് നൽകാനുള്ള ഉത്തരവ് എന്തായിരിക്കുമെന്ന ചോദ്യത്തിന് അദ്ദേഹത്തോട് നേരത്തെ വീട്ടിൽ തിരിച്ചെത്താനാണ് താൻ ആവശ്യപ്പെട്ടതെന്നായിരുന്നു റിച്ചയുടെ മറുപടി.