ന്യൂഡൽഹി: കടക്കെണിയിൽപ്പെട്ട് പ്രവർത്തനം അവസാനിപ്പിച്ച ജെറ്ര് എയർവേസിനെതിരെ പണംതിരിമറി കേസിൽ അന്വേഷണത്തിന് കേന്ദ്ര കോർപ്പറേറ്ര് മന്ത്രാലയം ഒരുങ്ങുന്നു. കമ്പനിയിൽ ഓഹരി പങ്കാളിത്തമുള്ള എത്തിഹാദ് എയർവേസിൽ നിന്ന് രണ്ടുഘട്ടങ്ങളിലായി വൻതുകയുടെ നിക്ഷേപം ജെറ്ര് എയർവേസിന് ലഭിച്ചിരുന്നു. ഇതിൽ നിന്ന് 5,​125 കോടി രൂപ ജെറ്ര് എയർവേസിന്റെ പ്രമോട്ടർമാർ തിരിമറി നടത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. ഐ.സി.ഐ.സി.ഐ ബാങ്ക്-വീഡിയോകോൺ വായ്‌പാ തിരിമറിക്കേസിലെ പരാതിക്കാരനായ അരവിന്ദ് ഗുപ്‌തയാണ് ജെറ്രിനെതിരെയും രംഗത്തെത്തിയത്.

കമ്പനീസ് ആക്‌ട് പ്രകാരമുള്ള ചട്ടങ്ങളിൽ ജെറ്ര് എയർവേസ് വീഴ്‌ചവരുത്തിയെന്ന് കോർപ്പറേറ്റ് മന്ത്രാലയത്തിന് കീഴിൽ മുംബയിലുള്ള രജിസ്‌ട്രാർ ഒഫ് കമ്പനീസും കണ്ടെത്തിയിരുന്നു. ജെറ്ര് എയർവേസ് 600 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയെന്ന് ആദായ നികുതി വകുപ്പും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇരു റിപ്പോർട്ടുകളും പരിഗണിച്ച്,​ മന്ത്രാലയത്തിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ)​ ജെറ്രിനെതിരെ ഉടൻ അന്വേഷണം തുടങ്ങുമെന്നാണ് സൂചന.

എസ്.ബി.ഐ നയിക്കുന്ന ബാങ്കിംഗ് കൺസോർഷ്യത്തിന് 8,​500 കോടി രൂപയുടെ വായ്‌പയാണ് ജെറ്ര് എയർവേസ് തിരിച്ചടയ്ക്കാനുള്ളത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞമാസം 17ന് കമ്പനി പ്രവർത്തനം നിറുത്തി. ജെറ്രിന്റെ നിയന്ത്രണം ഏറ്റെടുത്ത ബാങ്കുകൾ 75 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ നടപടിയെടുത്തിട്ടുണ്ട്.

ഓഹരിത്തകർച്ച തുടരുന്നു;

റിലയൻസിന് കനത്ത നഷ്‌ടം

മുംബയ്: കനത്ത ലാഭമെടുപ്പിനെ തുടർന്ന് ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ ഏഴാംനാളിലും നഷ്‌ടത്തിലേക്ക് വീണു. സെൻസെക്‌സ് 230 പോയിന്റിടിഞ്ഞ് 37,558ലും നിഫ്‌റ്റി 57 പോയിന്റ് താഴ്‌ന്ന് 11,​301ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡോളറിനെതിരെ 24 പൈസ നഷ്‌ടവുമായി രൂപ 69.95ലും വ്യാപാരം പൂർത്തിയാക്കി. കഴിഞ്ഞ ഏഴുദിവസത്തിനിടെ ഏറ്റവും വലിയ നഷ്‌ടം നേരിട്ടത് റിലയൻസ് ഇൻഡസ്‌ട്രീസാണ്; 96,​288 കോടി രൂപ. ഇന്നലെ മാത്രം കമ്പനിക്കുണ്ടായ നഷ്‌ടം 28,​081 കോടി രൂപ.