ന്യൂഡൽഹി: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ അപകടകരമായ രീതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക ഉപദേശകസമിതി അംഗവും നാഷണൽ പബ്ലിക് ഫിനാൻസ് ഡയറക്ടറുമായ രതിൻ റോയ് രംഗത്ത്. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രതിൻ ഇക്കാര്യം പറഞ്ഞത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിലാണെന്ന് റിപ്പോർട്ട് വന്നതിനുപിന്നാലെയാണ് രതിൻ റോയിയുടെ വെളിപ്പെടുത്തൽ.
ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾക്ക് സമാനമായി ജനസംഖ്യ കൂടുതലുള്ളതും വരുമാനം കുറഞ്ഞതുമായ ഇടത്തരം സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേത്. 2018-19 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ പ്രതിസന്ധിയുണ്ടാകുമെന്ന് പ്രവചനങ്ങളുണ്ടായിരുന്നു. രാജ്യത്തെ ഉപഭോഗം കുറഞ്ഞതും കയറ്റുമതിയിലെ ഇടിവും നിക്ഷേപത്തിലെ പ്രശ്നങ്ങളുമാണ് സമ്പദ്വ്യവസ്ഥയിൽ ചെറിയ തകർച്ചക്കുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ, നിലവിലെ റിപ്പോർട്ടുകളനുസരിച്ച് വരും വർഷങ്ങളിൽ പ്രതിസന്ധി ഇനിയും വർധിക്കാനാണ് സാദ്ധ്യത - റോയ് മുന്നറിയിപ്പ് നൽകുന്നു.