amethi

ന്യൂഡൽഹി: രാഹുൽ ഗാന്ധി മത്സരിക്കുന്ന അമേതി മണ്ഡലത്തിലെ സ്ട്രോംഗ് റൂമുകളിൽ നിന്ന് വോട്ടിംഗ് യന്ത്രങ്ങൾ പുറത്തേക്ക് കടത്തി. ഇ.വി.എമ്മുകൾ സ്ട്രോംഗ് റൂമിൽ നിന്ന് പുറത്തേക്കെത്തിച്ച് ട്രക്കിൽ കടത്തുന്ന വീഡിയോയാണ് പുറത്ത് വന്നത്. വിഡിയോ പുറത്തുവന്നതിനു പിന്നാലെ റീപോളിംഗ് നടത്തണമെന്ന ആവശ്യവുമായി കോൺഗ്രസ് അദ്ധ്യക്ഷനും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ രാഹുൽഗാന്ധി രംഗത്തെത്തി.

മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകനാണ് ഇ.വി.എമ്മുകൾ പുറത്തേക്ക് എത്തിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടത്. ഇ.വി.എമ്മുകൾ മാറ്റുന്നതു സംബന്ധിച്ച് തിരഞ്ഞെടുപ്പു കമ്മിഷന് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും മെഷീനുകൾ കടത്തിയതിൽ ദുരൂഹതയുണ്ടെന്നും ഇയാൾ ആരോപിച്ചു. സംഭവത്തിൽ തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാൻ തയ്യാറായില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു.

മേയ് ആറിനായിരുന്നു അമേത്തിയിൽ വോട്ടെടുപ്പ് നടന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഇവിടെ ബി.ജെ.പി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുന്നത്. 1963 പോളിംഗ് ബൂത്തുകളാണ് അമേതിയിൽ ഇത്തവണ ഉണ്ടായിരുന്നത്. ഓരോ ബൂത്തിലും നാല് ഇ.വി.എം മെഷീനുകൾ വീതവും ഉണ്ടായിരുന്നു.