തിരുവനന്തപുരം : പ്രായം അവശനാക്കിയപ്പോഴും മനസിൽ ഫുട്ബാളിനെ ചേർത്തുപിടിച്ച പ്രതിഭയാണ് കഴിഞ്ഞ ദിവസം അന്തരിച്ച മുൻ ദേശീയ ഫുട്ബാൾ താരം കെ.എം തുളസീദാസ് .
കേരളമടക്കം മൂന്ന് സംസ്ഥാനങ്ങൾക്കുവേണ്ടി സന്തോഷ് ട്രോഫി കളിച്ച, 1958 ൽ സിലോണിൽ നടന്ന പെന്റാംഗുലർ സിരീസിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ ഈ മുൻകാല ഡിഫൻഡർ ശരീരം അനുവദിക്കുന്നതുവരെ ടെലിവിഷനിൽ ലോകകപ്പ് മത്സരങ്ങൾ കണ്ട് പുതിയ കാലത്തിന്റെ കാൽപ്പന്തുകളിയിൽ ആവേശം കൊണ്ടിരുന്നു.
ഒളിമ്പ്യൻ അബ്ദുറഹ്മാന്റെ നാട്ടുകാരനും കൂട്ടുകാരനുമായിരുന്ന തുളസീദാസ് സ്കൂളിൽ പഠിക്കുന്ന കാലത്ത് തടിമിടുക്കും കായികശേഷിയും കാരണം കളിക്കളങ്ങളിലേക്ക് ഇറങ്ങിയതാണ്. ഇന്റർമീഡിയറ്റിനപ്പുറത്തേക്ക് പഠനം മുഴുപ്പിക്കാൻ കളിഭ്രമം സമ്മതിച്ചില്ല. 1958 ൽ ബോംബെയിലെ ലക്ഷ്മി രത്തൻ കമ്പനിക്ക് വേണ്ടി കളിക്കാൻ വണ്ടികയറി. ആ വർഷം മഹാരാഷ്ട്രയ്ക്ക് വേണ്ടി സന്തോഷ് ട്രോഫിയിലും കളിച്ചു. തുടർന്ന് പെന്റാംഗുലർ കപ്പിനായി ലങ്കയിലേക്കുള്ള (അന്നത്തെ സിലോൺ) യാത്ര. 1960 ൽ ബാംഗ്ളൂരിലെ ചീഫ് ഇൻസ്പെക്ടറേറ്റ് ഒഫ് ഇലക്ട്രോണിക്സ് ടീമിലെത്തി. 1960 ലും 61 ലും സന്തോഷ് ട്രോഫി കളിച്ചത് കർണാടകയ്ക്ക് വേണ്ടി. 1960 ൽ ഹൈദരാബാദ് പൊലീസിനെ തോല്പിച്ച് തൃശൂരിലെ ചാക്കോളാസ് സ്വർണക്കപ്പ് സി.ഐ.എൽ സ്വന്തമാക്കുമ്പോൾ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത് ബാംഗ്ളൂർ ടീമിലെ ഈ മലയാളിയായിരുന്നു.
പിന്നീടാണ് തിരുവനന്തപുരം ഏജീസ് ഓഫീസിൽ ജോലിക്ക് ചേർന്നത്. 1963 മുതൽ 71 വരെ സന്തോഷ് ട്രോഫിയിൽ കേരളത്തിനുവേണ്ടി കളിച്ചു. 55-ാം വയസുവരെ തിരുവനന്തപുരം എ ഡിവിഷൻ ലീഗിൽ കളിക്കാൻ കഴിഞ്ഞു. മൂന്ന് പതിറ്റാണ്ട് ഏജീസിന് ബൂട്ടുകെട്ടിയശേഷം സി.എഫ്.എ എന്ന ക്ളബിനെ കുറച്ചുകാലം പരിശീലിപ്പിച്ചു.
ബ്രസീലിയൻ താരം റോബർട്ടോ കാർലോസ് തുടകളുടെ വലിപ്പം കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്നതിനുമുമ്പ് അതേ പരിവേഷമുണ്ടായിരുന്നു തുളസീദാസിന്. ആജാനബാഹുവായ തുളസീദാസിനെ മറികടന്നു ഗോളടിക്കാൻ ഒരുവിധപ്പെട്ട ഫോർവേഡുകളൊക്കെ ഭയന്നിരുന്നു. വാട്ടിയ മുട്ടയും സൂപ്പുമായിരുന്നു അന്നത്തെ ആരോഗ്യരഹസ്യമെന്ന് തുളസീദാസ് പറഞ്ഞിരുന്നു.