ന്യൂഡൽഹി:രണ്ട് ഹൈക്കോടതി ജഡ്‌ജിമാരെ സുപ്രീംകോടതിയിലേക്ക് ഉയർത്തുന്നതിനോടുള്ള കേന്ദ്ര സർക്കാരിന്റെ എതിർപ്പ് തള്ളിയ ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള കൊളീജിയം മറ്റ് രണ്ട് ജഡ്‌ജിമാരെ ഉയർത്താനും ശുപാർശ ചെയ്‌തു. നാല് ജഡ്‌ജി മാരെയും നിയമിച്ചാൽ സുപ്രീംകോടതിയിലെ ജഡ്‌ജിമാരുടെ എണ്ണം പരമാവധി
അനുവദനീയമായ 31 ആകും. അതോടെ സുപ്രീംകോടതി ഫുൾ കോർട്ട് ആകും.
ജാർക്കണ്ട്, ഗോഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌മാരായ അനിരുദ്ധ ബോസ്, എ. എസ് ബൊപ്പണ്ണ എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാനുള്ള ഏപ്രിൽ 12ലെ കൊളീജിയത്തിന്റെ ശുപാർശ പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരുന്നു. അതിന് മറുപടിയായി മേയ് 8ന് പാസാക്കിയ പ്രമേയത്തിൽ ഇരു ജഡ്‌ജിമാരും എല്ലാ തരത്തിലും യോഗ്യരാണെന്ന് കൊളീജിയം വ്യക്തമാക്കിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഇന്നലെ അവരെ വീണ്ടും കൊളീജിയം ശുപാർശ ചെയ്‌തത്. ഇതോടെ ഈ ജഡ്‌ജിമാരെ നിയമിക്കാൻ കേന്ദ്രം നിർബന്ധിതമാകും.
ഇവർക്ക് പുറമേ ബോംബെ ഹൈക്കോടതി ജഡ്‌ജി ബി. ആർ ഗവായി, ഹിമാചൽ പ്രദേശ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് എന്നിവരെയും സുപ്രീംകോടതി ജഡ്‌ജിമാരായി നിയമിക്കാൻ മേയ് 8ന് കൊളീജിയം ശുപാർശ ചെയ്‌തിരുന്നു.
എല്ലാ ഹൈക്കോടതികൾക്കും ദളിത് പിന്നാക്കം ഉൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കും സുപ്രീംകോടതിയിൽ പ്രാതിനിദ്ധ്യം നൽകാനാണ് ശ്രമിച്ചതെന്നാണ് കൊളീജിയം പറഞ്ഞത്. ബോംബെ ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരെ മറികടന്നാണ് ജസ്റ്റിസ് ഗവായിയെ ശുപാർശ ചെയ്‌തത്. ആ മൂന്ന് പേർ മോശക്കാരായിട്ടല്ല.സീനിയോറിറ്റിക്ക് മുൻഗണന നൽകണമെങ്കിലും മെറിറ്റിനാണ് മുന്തിയ പരിഗണനയെന്നും അറിയിപ്പിൽ പറഞ്ഞു