ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആദ്യ നാലുഘട്ടങ്ങൾ പൂർത്തിയായി കഴിഞ്ഞപ്പോൾ 371 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്. ആദ്യ നാലുഘട്ടങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ എൻ.ഡി.എയെക്കാൾ കൂടുതൽ സീറ്റുകൾ യു.പി.എയ്ക്ക് ലഭിക്കുമെന്ന് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് ചെയ്തതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചില ദേശീയ മാധ്യമങ്ങള്‍ നേരത്തെ റിപ്പോർട്ട് നല്‍കിയിരുന്നു. നാലുഘട്ടങ്ങളിലായി 371 സീറ്റുകളുടെ വോട്ടെടുപ്പാണ് പൂർത്തിയായത്. ഇതിൽ കുറഞ്ഞത് 30 സീറ്റുകൾക്കെങ്കിലും യു.പി.എ മുന്നിലാണെന്ന റിപ്പോർട്ടാണ് ഐ.ബി നൽകിയതെന്നാണ് റിപ്പോർട്ട്.
തെലുങ്ക് ദേശം പാർട്ടി, തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ബി.എസ്.പി, ആർ.എൽ.ഡി എന്നീ പാർട്ടികളെകൂടാതെയാണ് യു.പി.എ കക്ഷികൾ മുന്നിൽ നിൽക്കുന്നത്. ഇവർനേടുന്ന സീറ്റുകളും ബി.ജെ.പിക്ക് തിരിച്ചടി നൽകുമെന്ന സൂചനയാണ് ഉള്ളത്. .
ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചാൽ വളരെ സന്തോഷം എന്നാണ് പാർട്ടി ജനറൽ സെക്രട്ടറി റാം മാധവ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഘടകകക്ഷികളുടെ സഹായത്തോടെ എൻ.ഡി.എയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർ.എസ്.എസിൽ നിന്ന് ബി.ജെ.പിയിലെത്തിയ റാം മാധവിന്റെ വിലയിരുത്തൽ സംഘത്തിന്റെ കൂടി അഭിപ്രായമായാണ് കണക്കാക്കുന്നത്.
റാം മാധവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചേക്കില്ലെന്ന അഭിപ്രായവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്തും രംഗത്ത് എത്തിയിരുന്നു. സഖ്യ കക്ഷികളുടെ പിന്തുണയോടെ ബി.ജെ.പി സർക്കാർ ഉണ്ടാക്കുമെന്നും മോദി തന്നെയായിരിക്കും പ്രധാനമന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സീറ്റുകളുടെ കാര്യത്തിൽ ബി.ജെ.പിക്ക് 2014 ആവർത്തിക്കാൻ കഴിയില്ലെന്ന സൂചനയുമായി അരുൺ ജയ്റ്റ്ലിയും രംഗത്ത് എത്തിയിരുന്നു. ക്രൈസ്തവ സഭാ നേതാക്കളുമായുള്ള യോഗത്തിലാണ് മറ്റുകക്ഷികളുടെ സഹായത്തോടെ ബി.ജെ.പിക്ക് സർക്കാരുണ്ടാക്കാൻ സാധിക്കുമെന്ന് ജയ്റ്റ്ലി പറഞ്ഞത്.
അവസാന രണ്ട് ഘട്ടങ്ങളിലായി ബി.ജെ.പി കനത്ത മത്സരം നേരിടുന്ന പഞ്ചാബ്,ഡൽഹി, ഹരിയാന എന്നീ സംസ്ഥാനങ്ങൾക്കായി പ്രത്യേക പ്രചരണ തന്ത്രമാണ് ബി.ജെ.പി ഇപ്പോൾ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായാണ് രാജീവ് ഗാന്ധിക്കെതിരായ പരമാർശങ്ങളുമായി മോദിയുടെ നീക്കം. ഇന്ത്യ കണ്ട ഏറ്റവും ഒന്നം നമ്പര്‍ അഴിമതിക്കാരനാണ് രാജീവ് ഗാന്ധി എന്ന് പറഞ്ഞ് തുടങ്ങിയ മോദിയും ബി.ജെ.പിയും ഇപ്പോൾ എത്തി നിൽക്കുന്നത് സിഖ് വിരുദ്ധ കലാപത്തിൽ രാജീവ് ഗാന്ധി സ്വീകരിച്ച നിലപാടുകലിലാണ്. പഞ്ചാബിലും ഹരിയാനയിലും ഇത് വോട്ടായി മാറ്റാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
പ്രധാനമന്ത്രി മത്സരിക്കുന്ന വാരണാസി അടക്കമുള്ള മണ്ഡലങ്ങളിലാണ് ഇനി തിരഞ്ഞെടുപ്പ് നടക്കാനുള്ളത്. ആദ്യഘട്ടങ്ങളിലെ നഷ്ടങ്ങൾ പരിഹരിക്കാനുള്ള യത്നമാണ് ബി.ജെ.പി ഇപ്പോൾ നടത്തുന്നത്. തികഞ്ഞ വിജയ പ്രതീക്ഷയാണ് അമിത് ഷായ്ക്കും മോദിയ്ക്കും ഇപ്പോഴുമുള്ളത്.