തിരുവനന്തപുരം: പൊലീസിലെ പോസ്റ്റൽ ബാലറ്റ് വിവാദത്തിൽ ഐ.ആർ. ബറ്റാലിയനിലെ പൊലീസുകാരൻ വൈശാഖിനെ സസ്പെൻഡ് ചെയ്തു. വോട്ടുകൾ നൽകാൻ നിർബന്ധിച്ചത് വൈശാഖാണെന്ന് കണ്ടെത്തിയതിനെതുടർന്നാണ് സസ്പെൻഷൻ. വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമ പ്രകാരം കേസെടുത്തു. മറ്റുള്ളവർക്കെതിരെ വിശദമായ അന്വേഷണത്തിന് ശേഷം നടപടി എടുക്കും.
അതേസമയം തിരിമറിയിലെ പ്രധാന തെളിവായ ശ്രീപദ്മനാഭ എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് നശിപ്പിച്ചതായി കണ്ടെത്തി. ഈ ഗ്രൂപ്പിലാണ് പോസ്റ്റൽവോട്ട് ശേഖരിക്കാനുള്ള ശബ്ദരേഖ അയച്ചത്.
പോസ്റ്റൽ ബാലറ്റ് വിവാദത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ ക്രൈം ബ്രാഞ്ച് മേധാവിക്ക് നേരത്തെ നിർദേശം നൽകിയിരുന്നു. പോസ്റ്റൽ ബാലറ്റ് സംബന്ധിച്ച് പൊതുവായ കാര്യങ്ങൾ അന്വേഷിക്കുന്നതിന് പ്രത്യേകമായി ക്രൈം ബ്രാഞ്ച് അന്വേഷണം നടത്താനും ഡി.ജി.പി ഉത്തരവിട്ടു. വിവാദവുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് വിഭാഗം തയ്യാറാക്കിയ റിപ്പോർട്ട് ശുപാർശ സഹിതം സംസ്ഥാന പൊലീസ് മേധാവി ചീഫ് ഇലക്ടറൽ ഓഫീസർക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് അദ്ദേഹം അംഗീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.
നേരത്തെ, ചീഫ് ഇലക്ടറൽ ഓഫീസർ നൽകിയ നിർദേശത്തിൻമേൽ ഇന്ന് വൈകിട്ടോട്ടെ നടപടി ഉണ്ടാകുമെന്ന് ഡി.ജി.പി ലോകനാഥ് ബെഹ്റ പറഞ്ഞിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയുടെ നിർദേശപ്രകാരമായിരുന്നു നടപടി. സമഗ്ര അന്വേഷണത്തിനായി ടീക്കാറാം മീണ ഡി.ജി.പിക്ക് നിർദേശം നൽകിയിരുന്നു. തട്ടിപ്പിൽ പൊലീസ് അസോസിയേഷന് പങ്കുണ്ടെന്ന കാര്യം പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയെന്നും ടീക്കാറാം മീണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.