കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ ബി.ജെ.പി യു.ഡി.എഫിന് വോട്ട് മറിച്ചെന്ന ഗുരുതര ആരോപണവുമായി സി.പി.ഐ. എല്ലാ നിയമസഭ മണ്ഡലത്തിലും ബി.ജെ.പി യു.ഡി.എഫുമായി നീക്കുപോക്ക് നടത്തിയതിന് വ്യക്തമായ സൂചനകളുണ്ടെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു ആരോപിച്ചു. ബി.ജെ.പിക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലെ ബൂത്തുകളിൽ പോലും ഏജന്റുമാർ ഉണ്ടായിരുന്നില്ലെന്നും ഇത് യു.ഡി.എഫുമായുള്ള സഹകരണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ യു.ഡി.എഫും ബി.ജെ.പിയും ഈ ആരോപണം നിഷേധിച്ച് രംഗത്തെത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സി.പി.ഐ വേണ്ടത്ര സഹകരിച്ചില്ലെന്ന് എൽ.ഡി.എഫിനുള്ളിൽതന്നെ പരാതിയുണ്ടെന്നും ഇത് മറയ്ക്കാനാണ് രാജുവിന്റെ ആരോപണമെന്നും കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു. പി. രാജു സി.പി.ഐയുടെയും പി. രാജീവ് സി.പി.എമ്മിന്റെയും ജില്ല സെക്രട്ടറിമാരായിരിക്കെ ഇരുപാർട്ടിയും തമ്മിലെ ഏറ്റുമുട്ടൽ എല്ലാവർക്കും അറിയാം. അതിന്റെ ഭാഗമായി പലയിടത്തും സി.പി.ഐയുടെ വോട്ട് രാജീവിന് കിട്ടിയിട്ടില്ല. രാജുവിന്റെ നാടായ പറവൂരിൽ സി.പി.ഐയുടെ ഭൂരിഭാഗം വോട്ടും യു.ഡി.എഫിനാണ് ലഭിച്ചത്. ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്നൊഴിയാനാണ് കോൺഗ്രസിന് ബി.ജെ.പിയുടെ വോട്ട് കിട്ടിയെന്ന് സി.പി.ഐ ആരോപിക്കുന്നതെന്നും സതീശൻ പറഞ്ഞു.
വോട്ട് മറിക്കൽ സി.പി.ഐയുടെ പാരമ്പര്യമാണെന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ് എൻ.കെ. മോഹൻദാസ് പ്രതികരിച്ചു. രാജീവ് തോൽക്കുമ്പോൾ മുന്നണി നേതൃത്വത്തിന് വിശദീകരണം നൽകാൻ മുൻകൂട്ടി കണ്ടെത്തിയ അടവുനയമാണ് രാജുവിന്റെ ആരോപണമെന്നും മോഹൻദാസ് പറഞ്ഞു.