ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കുടുംബവുമൊത്ത് അവധി ആഘോഷിക്കാൻ യുദ്ധക്കപ്പലായിരുന്ന ഐ.എൻ.എസ് വിരാട് ഉപയോഗിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. രാജീവ് ഗാന്ധിയുടെ ലക്ഷദ്വീപ് സന്ദർശനം ഔദ്യോഗികമായിരുന്നു. ഇക്കാര്യം നേവിയോട് ചോദിച്ച് തീർപ്പാക്കാവുന്നതാണ്. ഐ.എൻ.എസ് വിരാട് ഇന്ത്യയുടെ വിമാനവാഹിനി കപ്പലാണെന്നും അതിൽ ആരെങ്കിലും അവധിയോഘോഷിക്കുമോയെന്നും രാഹുൽ ചോദിച്ചു.
മോദിയുടെ ഭാവിയിലേക്കും വർത്തമാന കാലത്തിലുമുള്ള വാതിൽ തങ്ങൾ അടച്ചിരിക്കുകയാണെന്നും അത് കൊണ്ടാണ് അദ്ദേഹം പുറകിലേക്ക് ഓടുന്നതെന്നും രാഹുൽ വ്യക്തമാക്കി. വൈകാതെ തന്നെ അദ്ദേഹത്തിന്റെ ഭൂതകാലത്തിന്റെ വാതിലും തങ്ങൾ അടയ്‌ക്കുമെന്ന് രാഹുൽ കൂട്ടിച്ചേർത്തു. അതേസമയം, രാജീവ് ഗാന്ധി യുദ്ധക്കപ്പലായിരുന്ന ഐ.എൻ.എസ് വിരാട് കുടുംബവുമൊത്തുള്ള അവധിയാഘോഷത്തിന് ഉപയോഗിച്ചെന്ന മോദിയുടെ ആരോപണം മുൻ നാവികസേനാ മേധാവി അഡ്‌മിറൽ എൽ.രാംദാസ് നിഷേധിച്ചു.
"ഭാര്യ സോണിയ ഗാന്ധിയുടെ വിദേശികളായ ബന്ധുക്കളെയടക്കം നാവികസേന കപ്പലിൽ കയറ്റി രാജ്യസുരക്ഷയെ അപായത്തിലാക്കി എന്നും രാജ്യത്തിന്റെ സമുദ്രസുരക്ഷ നോക്കുന്ന ഐ.എൻ.എസ് വിരാടിനെ രാജീവ് ഗാന്ധി പ്രൈവറ്റ് ടാക്‌സിയാക്കിയെന്നുമായിരുന്നു മോദി ആരോപിച്ചത്. അന്ന് കൊച്ചി ആസ്ഥാനമായ ദക്ഷിണ നാവിക കമാൻഡിന്റെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് ആയിരുന്ന താൻ ഐ. എൻ. എസ് വിരാടിൽ ഉണ്ടായിരുന്നെന്നും തുറന്ന കത്തിൽ രാംദാസ് വ്യക്തമാക്കി. 1987ൽ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ഐ.എൻ.എസ് വിരാട് സന്ദർശിച്ചത് അവധി ആഘോഷിക്കാനായിരുന്നില്ല. ലക്ഷദ്വീപിലേക്കുള്ള ഔദ്യോഗിക യാത്രയായിരുന്നെന്നും" രാംദാസ് വ്യക്തമാക്കി.