fake-marriage

ഇസ്ലാമാബാദ്: വിവാഹത്തിന്റെ മറവിൽ ചൈനയിലേക്ക് പെൺകുട്ടികളെ കടത്തുന്ന സംഘത്തിലെ പന്ത്രണ്ടുപേർ പാകിസ്ഥാനിൽ പിടിയിലായി. വ്യാജവിവാഹത്തിന്റെ മറവിൽ മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിൽ പെട്ടവരാണ് അറസ്റ്റ‌ി‌ലായത്. നാല് പാകിസ്ഥാൻ സ്വദേശികളും എട്ട് ചൈനീസ് പൗരന്മാരുമാണ് പിടിയിലായത്. പാക് ഫെഡറൽ ഇൻവെസ്റ്ര‌ിഗേഷൻ ഏജൻസിയാണ് ഇവരെ പിടികൂടിയത്.

പാകിസ്ഥാനിൽ നിന്ന് വ്യാപകമായി യുവതികളെ കടത്തുകയും ചൈനയിലെത്തിച്ച ശേഷം ലൈംഗികവൃത്തിക്കായി ഉപയോഗിക്കുകയാണ് പതിവ്. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 12അംഗ സംഘത്തെ പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇത്തരത്തിൽ ഒട്ടേറെ സംഘങ്ങൾ രാജ്യത്ത് പരവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട പെൺകുട്ടികളെയാണ് ഇവർ കൂടുതലായി കടത്തുന്നതെന്നും പൊലീസ് വ്യക്തമാക്കി.

പെൺകുട്ടികളുടെ സമ്മതമില്ലാതെയാണ് വിവാഹങ്ങൾ നടക്കുന്നത്. വീട്ടുകാർക്ക് വൻതുക നൽകിയ ശേഷം വിവാഹം നടത്തുകയാണ് സംഘത്തിന്റെ രീതി. ശേഷം പെൺകുട്ടികളെ ചൈനയിലെത്തിച്ച് ലൈംഗിക വൃത്തിക്കായി ഉപയോഗിക്കും. ഇത്തരത്തിൽ എത്തിപ്പെടുന്ന പെൺകുട്ടികളിൽ പലരും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ക്രൂരമായി പീഡനങ്ങൾ അനുഭവിച്ച് കഴിയുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ആയിരത്തിലധികം പെൺകുട്ടികളാണ് ഇത്തരത്തിൽ വിവാഹ തട്ടിപ്പിന് ഇരയായത് എന്നാണ് റിപ്പോർട്ടുകൾ.