vt-balram

തിരുവനന്തപുരം: കേൾവി ശക്തി ഇല്ലാത്ത കുട്ടികൾക്ക് 5 ലക്ഷത്തോളം രൂപ ചെലവ് വരുന്ന കോക്ലിയാർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ സൗജന്യമായി ചെയ്തു നൽകുന്ന "ശ്രുതിതരംഗം" പദ്ധതിയിൽ സർക്കാർ വരുത്തിയ വീഴ്ചയെ വിമർശിച്ച് കോൺഗ്രസ് എം.എൽ.എ വി.ടി ബൽറാം രംഗത്ത്. പദ്ധതിയിൽ അപേക്ഷിച്ചിരുന്ന ഒരു രക്ഷിതാവിന് മുഖ്യമന്ത്രിയുടെ നിഷേധനിലപാടിനെ തുടർന്ന് സാമ്പത്തിക സഹായം ലഭിക്കാത്തതിനെയാണ് ബൽറാം വിമർശിക്കുന്നത്. മകന്റെ ചികിത്സക്കായി ചെലവായ പണത്തിന് വേണ്ടി പാവപ്പെട്ട ഒരു രക്ഷിതാവ് വർഷങ്ങളായി നടത്തിവന്ന പ്രവർത്തനങ്ങളാണ് മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ "നോ" യിൽ അട്ടിമറിക്കപ്പെട്ടതെന്ന് ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

കേൾവി ശക്തി ഇല്ലാത്ത കുട്ടികൾക്ക് കോക്ലിയാർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ സൗജന്യമായി ചെയ്തു നൽകുന്ന 'ശ്രുതിതരംഗം' പദ്ധതി കഴിഞ്ഞ യു.ഡി.എഫ് സർക്കാരാണ് ആരംഭിച്ചത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.എം കെ മുനീറിന്റേയും പ്രത്യേക താത്പര്യത്തിലാണ് പദ്ധതി ആരംഭിച്ചത്. പ്രശസ്ത ഗായകൻ കെ.ജെ.യേശുദാസ് ഇതിന്റെ പ്രചാരകൻ എന്ന നിലയിൽ കടന്നുവന്നതോടെ പദ്ധതി ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു.

വി.ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ ഒരു നവജാത ശിശുവിന്റെ ചികിത്സാക്കാര്യത്തിൽ നടത്തിയ ഇടപെടലിനെ പ്രത്യേകം അഭിനന്ദിക്കുന്നു. 'ഹൃദ്യം' എന്ന പദ്ധതിയും അതീവ ഗുണകരമാണ്. ഇക്കഴിഞ്ഞ ദിവസം എന്റെ മണ്ഡലത്തിലെ ഒരു കുഞ്ഞിന് ഈ പദ്ധതിയിലുൾപ്പെടുത്തി എറണാകുളം ലിസി ആശുപത്രിയിൽത്തന്നെ ചികിത്സ നൽകാൻ കഴിഞ്ഞു എന്നതും ഒരു ജനപ്രതിനിധി എന്ന നിലയിൽ സംതൃപ്തി നൽകിയ കാര്യമാണ്.

എന്നാൽ ഇനി പറയാനുള്ളത് സർക്കാരിനോടുള്ള ഒരു വിമർശനമാണ്. സിപിഎം സർക്കാരും പ്രത്യേകിച്ച് അതിന്റെ തലവനായ മുഖ്യമന്ത്രി പിണറായി വിജയനും വിമർശനാതീതരാണ് എന്ന് ചിന്തിക്കുന്നവർക്ക് ഇവിടെ വച്ച് വായന നിർത്താം.

ഇക്കഴിഞ്ഞ ദിവസം ഞാൻ അംഗമായ നിയമസഭയുടെ സ്ത്രീകളുടേയും കുട്ടികളുടേയും ഭിന്നശേഷിക്കാരുടേയും ട്രാൻസ്ജൻഡറുകളുടേയും ക്ഷേമം സംബന്ധിച്ച സമിതിയുടെ യോഗത്തിൽ ചർച്ച ചെയ്ത ഒരു വിഷയമാണ് പറയാൻ പോവുന്നത്.

കഴിഞ്ഞ യുഡിഎഫ് സർക്കാർ ആരംഭിച്ച ഒരു പദ്ധതിയാണ് കേൾവി ശക്തി ഇല്ലാത്ത കുട്ടികൾക്ക് 5 ലക്ഷത്തോളം രൂപ ചെലവ് വരുന്ന കോക്ലിയാർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ സൗജന്യമായി ചെയ്തു നൽകുന്ന "ശ്രുതിതരംഗം" പദ്ധതി. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.എം കെ മുനീറിന്റേയും പ്രത്യേക താത്പര്യത്തിലാണ് പദ്ധതി ആരംഭിച്ചത്. പ്രശസ്ത ഗായകൻ കെ.ജെ.യേശുദാസ് ഇതിന്റെ പ്രചാരകൻ എന്ന നിലയിൽ കടന്നുവന്നതോടെ പദ്ധതി ഏറെ ജനശ്രദ്ധ ആകർഷിച്ചു.

മലപ്പുറം ജില്ലയിലെ ഒരു രക്ഷിതാവ് തന്റെ കുട്ടിക്ക് ഈ ശസ്ത്രക്രിയ ചെയ്യാൻ വേണ്ടി അപേക്ഷ സമർപ്പിച്ചു (പേര് ഇവിടെ വെളിപ്പെടുത്തുന്നില്ല). സ്ക്രീനിംഗ് കമ്മിറ്റി പരിശോധന നടത്തി ഇത് അംഗീകരിക്കുകയും ചെയ്തു. എന്നാൽ സ്റ്റേറ്റ് ലെവൽ കമ്മിറ്റി രക്ഷിതാവിൽ നിന്ന് ഒരു സത്യവാങ്മൂലം കൂടി കൂടുതലായി ആവശ്യപ്പെട്ടു. ഇത് സമയത്ത് അറിയാൻ കഴിയാതെ പോയ രക്ഷിതാവ് കുറച്ച് നാളുകൾ കാത്തിരുന്നതിന് ശേഷം സ്വന്തം നിലക്ക് പണം കണ്ടെത്തി കുട്ടിക്ക് ശസ്ത്രക്രിയ ചെയ്യുകയും കേൾവിശക്തി നേടുകയും ചെയ്തു. പിന്നീടാണ് സത്യവാങ്ങ്മൂലം ഹാജരാക്കണമെന്ന രേഖാമൂലമുള്ള അറിയിപ്പ് രക്ഷിതാവിന് ലഭിക്കുന്നത്. തനിക്കർഹതയുള്ള പദ്ധതിയായതിനാൽ രക്ഷിതാവ് ചികിത്സാച്ചെലവായ 5 ലക്ഷം രൂപ റീഇമ്പേഴ്സ് ചെയ്ത് കിട്ടുമോ എന്നാരാഞ്ഞ് സർക്കാരിന് അപേക്ഷ നൽകി. എന്നാൽ ശ്രുതിതരംഗം പദ്ധതിയിൽ റീഇമ്പേഴ്സ്മെൻറ് അനുവദിക്കില്ലെന്ന സാങ്കേതിക കാരണം പറഞ്ഞ് ഉദ്യോഗസ്ഥർ നിവേദനം നിരാകരിച്ചു. തുടർന്നാണ് രക്ഷിതാവ് നിയമസഭാ സമിതിക്ക് മുമ്പാകെ പരാതിയുമായി എത്തുന്നത്.

നിയമസഭാ സമിതികൾക്ക് പരാതികൾ സ്വീകരിക്കാനും ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനും റിപ്പോർട്ട് തേടാനുമൊക്കെ അധികാരമുണ്ടെങ്കിലും ഏതെങ്കിലും നടപടികൾ നേരിട്ട് എടുക്കാനോ തീർപ്പ് കൽപ്പിക്കാനോ കഴിയില്ല, സർക്കാരിലേക്ക് ശുപാർശ നൽകാനേ അധികാരമുള്ളൂ. ആ നിലയിൽ വിഷയത്തിന്റെ മെറിറ്റ് മനസ്സിലാക്കി പാവപ്പെട്ട ആ രക്ഷിതാവിനെ സഹായിക്കാൻ വേണ്ടി സാമൂഹിക നീതി വകുപ്പിനോട് ശുപാർശ ചെയ്തു. എന്നാൽ ഉദ്യോഗസ്ഥർ വീണ്ടും തടസ്സങ്ങൾ ചൂണ്ടിക്കാട്ടി ശുപാർശ നിരസിക്കുകയായിരുന്നു. ഇതൊരു പ്രത്യേക കേസായി പരിഗണിക്കണമെന്ന നിലപാടിൽ സമിതിയും ഉറച്ചുനിന്നു. വർഷങ്ങളാണ് ഈ നടപടിക്രമങ്ങൾക്കിടയിൽ കടന്നുപോയത്. നിയമസഭാ സമിതിയുടെ ആവർത്തിച്ചുള്ള നിർദ്ദേശത്തേത്തുടർന്ന് അവസാനം വകുപ്പ് ഉദ്യോഗസ്ഥർ കാര്യം അംഗീകരിക്കാൻ തയ്യാറായി. എന്നാൽ കഴിഞ്ഞുപോയ കാര്യമായതുകൊണ്ടും കീഴ് വഴക്കമില്ലാത്തതുകൊണ്ടും ക്യാബിനറ്റിന്റെ പ്രത്യേക അനുമതി ഉണ്ടെങ്കിലേ പണം അനുവദിക്കാൻ കഴിയൂ. ആ നിലയിലുള്ള നിർദ്ദേശമടങ്ങുന്ന ഫയൽ ഉചിതമാർഗേണ മുഖ്യമന്ത്രിക്ക് സമർപ്പിക്കാമെന്നും വകുപ്പ് ഉദ്യോഗസ്ഥർ നിയമസഭാസമിതിയോട് സമ്മതിച്ചു. ഈ ഫയലും മാസങ്ങളാണ് ഉദ്യോഗസ്ഥതലത്തിൽ വച്ചു താമസിപ്പിച്ചത്. എന്നാൽ ഒടുവിൽ 2018 ഓഗസ്റ്റ് മാസത്തിൽ സാമൂഹിക നീതി വകുപ്പ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയും അനുകൂല ശുപാർശയോടെ കാബിനറ്റിൽ വക്കാൻ വേണ്ടി മുഖ്യമന്ത്രിക്ക് സമർപ്പിച്ച ഈ ഫയലിൽ ദൗർഭാഗ്യവശാൽ അവസാന നിമിഷം മുഖ്യമന്ത്രി എതിരായി ഉത്തരവിടുകയായിരുന്നു. ഫയൽ കാബിനറ്റിൽ വക്കേണ്ടതില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. തന്റെ മകന്റെ ചികിത്സക്കായി ചെലവായ പണത്തിന് വേണ്ടി പാവപ്പെട്ട ഒരു രക്ഷിതാവ് വർഷങ്ങളായി നടത്തിവന്ന പ്രവർത്തനങ്ങളാണ് മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ "നോ" യിൽ അട്ടിമറിക്കപ്പെട്ടത്.

സ്വന്തക്കാർക്ക് കാബിനറ്റിന്റെ പ്രത്യേക അനുമതിയോടെ ലക്ഷങ്ങൾ സഹായമായി അനുവദിക്കാൻ മടിയില്ലാത്ത ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്നത് എല്ലാവർക്കുമറിയാം. എൽ ഡി എഫ് ഘടകകക്ഷി നേതാവായിരുന്ന ഉഴവൂർ വിജയനും സിപിഎം എംഎൽഎ ആയിരുന്ന രാമചന്ദ്രൻ നായർക്കുമൊക്കെ വേണ്ടി ഇങ്ങനെ പൊതുഖജനാവിൽ നിന്ന് ലക്ഷങ്ങളാണ് നൽകിയത്. എന്നിട്ടും എല്ലാ അർഹതയുമുണ്ടായിട്ടും നിയമസഭാ സമിതിയുടെയും ഉദ്യോഗസ്ഥരുടേയുമെല്ലാം അനുകൂല ശുപാർശ ഉണ്ടായിട്ടും ഒരു പാവപ്പെട്ട രക്ഷിതാവിന് മാത്രം ഒരു സഹായവും ചെയ്യില്ല എന്ന വാശി എന്തിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ കാണിച്ചതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.

ശ്രുതിതരംഗം പദ്ധതി തന്നെ ഇന്നത്തെ സർക്കാർ ഏതാണ്ട് നിർജ്ജീവമാക്കിയിരിക്കുകയാണ്. ഈ പദ്ധതിക്ക് കീഴിൽ ആകെ പ്രയോജനം കിട്ടിയ 832 പേരിൽ 626 പേരും യുഡിഎഫ് സർക്കാരിന്റെ നാല് വർഷ കാലത്തേതാണ്. ഇപ്പോഴത്തെ സർക്കാരിന്റെ രണ്ട് വർഷത്തിനുള്ളിൽ സഹായം കിട്ടിയത് 208 പേർക്ക് മാത്രം. ഒരിക്കൽ ശസ്ത്രക്രിയ ചെയ്തവർക്ക് നാലഞ്ച് വർഷം കഴിഞ്ഞാൽ ഉപകരണങ്ങൾ മാറ്റി വക്കുന്നതടക്കമുള്ള തുടർചികിത്സയും വേണം. ഇതിനും ഏതാണ്ട് രണ്ട് ലക്ഷം വരെ ചെലവുണ്ട്. പദ്ധതിയിലുൾപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾ ഇക്കാര്യത്തിനായി സർക്കാരിനെ ആവർത്തിച്ച് സമീപിച്ചിട്ടും അനുകൂല തീരുമാനം ഉണ്ടായിട്ടില്ലെന്നറിയുന്നു. ഇത്രയും കാലം കേൾവിശക്തി അനുഭവിച്ച കുട്ടികൾ ബധിരതയിലേക്ക് തിരിച്ചുപോകേണ്ടി വരുമോ എന്ന ആശങ്കയാണ് ഇതുമൂലം നിലനിൽക്കുന്നത്. അതൊന്നും സർക്കാരിനെ അലട്ടുന്നതായി കാണുന്നില്ല.

സിപിഎം നേതാക്കളുടെയും ഭരണാധികാരികളുടേയും ഈ പതിവ് മനുഷ്യപ്പറ്റില്ലായ്മയാണ് ശൈലജ ടീച്ചറുടെ നല്ല പ്രവൃത്തിയെ ഇത്ര വലിയ ഒരു ആഘോഷമാക്കി മാറ്റുന്നത്.