thechikkttukavu-ramachand

കൊച്ചി: തൃശൂർ പൂരത്തിന്റെ എഴുന്നള്ളിപ്പിൽ നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയ സംഭവത്തിൽ ഇടപെടാനാകില്ലെന്ന് ഹെെക്കോടതി. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഇടപെടേണ്ടതെന്ന് ഹെെക്കോടതി വ്യക്തമാക്കി. തൃശൂർ പൂരത്തിന്റെ ഭാഗമായ തെക്കോട്ടിറക്കത്തിന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് നെയ്തലക്കാവ് ദേവസ്വം ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, ആരോഗ്യ പ്രശ്നങ്ങളുള്ളതും അപകടകാരിയുമായ ആനയെ പൂരം എഴുന്നള്ളിപ്പിൽ നിന്ന് ഒഴിവാക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.

എഴുന്നെള്ളിപ്പിൽ നിന്ന് ആനയെ ഒഴിവാക്കണമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡനും റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ, തെക്കോട്ടിറക്കം നടക്കുന്ന ഏതാനും മണിക്കൂറെങ്കിലും ആനയുടെ വിലക്ക് ഒഴിവാക്കണമെന്ന ആവശ്യമാണ് ഹർജിക്കാർക്കുള്ളത്. വിലക്ക് ഒഴിവാക്കിയില്ലെങ്കിൽ ആഘോഷങ്ങൾക്ക് ആനകളെ ആകെ വിട്ടു നൽകില്ലെന്ന നിലപാടുമായി ആന ഉടമകൾ രംഗത്തെത്തിയിരുന്നു. പ്രശ്ന പരിഹാരത്തിന് സർക്കാർ ഇടപെട്ട് ചർച്ച നടത്തിയിരുന്നെങ്കിലും തീരുമാനം ആയിരുന്നില്ല. കോടതി പറയുന്ന പോലെ ചെയ്യാമെന്ന നിലപാടായിരുന്നു സർക്കാർ സ്വീകരിച്ചത്.