-court-bail

കിളിമാനൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടാത്തതിന് മൺവെട്ടികൊണ്ട് മകനെ മർദിച്ച സംഭവത്തിൽ അച്ഛന് കോടതി ജാമ്യം അനുവദിച്ചു. ആറ്റിങ്ങൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. കുട്ടിയുടെ അമ്മ വീട്ടിലില്ലാതിരുന്ന സമയത്ത് നടന്ന സംഭവത്തിൽ അവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണു പൊലീസ് കേസെടുത്തതും പിതാവിനെ അറസ്റ്റ് ചെയ്തതും.

അതേസമയം, മർദനമേറ്റ മകനും പൊലീസിൽ പരാതി നൽകിയ അമ്മയും കൂടിയാണു പിതാവിനെ ജാമ്യത്തിലിറക്കാനായി അഭിഭാഷകനെ ചുമതലപ്പെടുത്തിയ്. മകനോട് പിതാവിനു സ്നേഹക്കുറവില്ലെന്നും പെട്ടെന്നുള്ള പ്രകോപനത്തിലാണു നിയന്ത്രണം വിട്ടു പെരുമാറിയതെന്നുമാണ് ഇപ്പോൾ കുടുംബാംഗങ്ങളുടെ നിലപാട്. പരാതിയിൽ നിന്നു പിന്മാറാനുള്ള സാധ്യത തേടി കുട്ടിയുടെ മാതാവ് പൊലീസിനെ സമീപിച്ചിരുന്നു.

കുട്ടികൾക്കെതിരായുള്ള കുറ്റകൃത്യം, ആയുധംകൊണ്ടുള്ള ആക്രമണം എന്നീ വകുപ്പുകളാണ് കുട്ടിയുടെ അച്ഛനെതിരെ ചുമത്തിയത്. പൊലീസ് ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്ത് ജയിലിലയച്ചു. ഇതിനുപിന്നാലെയാണ് മകനും അമ്മയും വക്കീലിനെ കണ്ട് ജാമ്യാപേക്ഷയ്ക്കുള്ള നടപടികളുമായി മുന്നോട്ടുപോയത്. എസ്.എസ്.എൽ.സി ഫലത്തിൽ മകന് പ്രതീക്ഷിച്ച ഫലമില്ലാത്തതിനാൽ പെട്ടെന്നുണ്ടായ പ്രകോപനം കൊണ്ടാണ് കുട്ടിയെ മർദിച്ചത്. രക്ഷിതാവിന്റെ ഉദ്ദേശ്യ ശുദ്ധിയെ മാനിച്ച് ജാമ്യം അനുവദിക്കണമെന്നുള്ള വാദം അംഗീകരിച്ചാണ് കോടതി പ്രതിയെ ഒരാൾ ജാമ്യത്തിൽ വിട്ടത്.

എസ്.എസ്.എൽ.സി പരീക്ഷയിൽ ആറ് വിഷയങ്ങൾക്ക് എപ്ലസ് നേടി മികച്ച ജയമാണ് മകൻ സ്വന്തമാക്കിയത്. എന്നാൽ, മകൻ നാല് വിഷയങ്ങൾക്ക് കൂടി എ പ്ലസ് വാങ്ങാത്താണ് ബാബുവിനെ പ്രകോപിപ്പിച്ചത്. തുടർന്ന് ബാബു കുട്ടിയെ മൺവെട്ടി കൊണ്ട് ആക്രമിക്കുകയായിരുന്നു. മകന്റെ ബഹളം കേട്ടെത്തിയ അയൽവാസികളാണ് ബാബുവിന്റെ ആക്രമണത്തിൽ നിന്ന് കുട്ടിയെ രക്ഷപെടുത്തിയത്. സംഭവത്തെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.