kk-shylaja

പത്രക്കാർ നേരത്തേ കണ്ടുപിടിക്കാതിരുന്നതെന്തെന്ന് ഡി.എം.ഇ

തിരുവനന്തപുരം: ആലപ്പുഴ ഗവ. ടി.ഡി മെഡിക്കൽ കോളേജിൽ രണ്ട് വർഷം മുമ്പ്

വാങ്ങിയ സി.ടി സിമുലേറ്റർ ഇനിയും പ്രവർത്തിക്കാത്തതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഇതു സംബന്ധിച്ച കേരളകൗമുദി വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പരിശോധനാ സംവിധാനത്തിനുള്ള ആധുനിക മെഷീനുകൾ വാങ്ങുന്നത് ജനങ്ങൾക്ക് ഉപകാരപ്പെടണമെന്നും മന്ത്രി പറഞ്ഞു.

ഈ സംഭവത്തിൽ ഡി.എം.ഇയിൽ നിന്ന് റിപ്പോർട്ട് ചോദിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി രാജൻ കോബ്രഗഡെ പറഞ്ഞു. വിശദമായ പരിശോധന നടത്തുമെന്നും സെക്രട്ടറി കേരളകൗമുദിയോട് പ്രതികരിച്ചു. രണ്ട് വർഷം മുമ്പ് വാങ്ങിയ സി.ടി സിമുലേറ്റർ പ്രവർത്തിക്കുന്നില്ലെന്ന് മാത്രമല്ല, സർക്കാരിൽ നിന്ന് ആ വിവരം മറച്ചു വച്ച് ഉപകരണം നൽകിയ കമ്പനിക്ക് രണ്ടാം ഗഡുവായി 94 ലക്ഷത്തിലധികം രൂപ നൽകുകയും ചെയ്ത വിവരം കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.

കമ്പനിക്ക് വീഴ്ച സംഭവിച്ചു

സി.ടി സിമുലേറ്റർ എത്രയും വേഗം പ്രവർത്തന സജ്ജമാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡി.എം.ഇ) ഡോ. റംല പറഞ്ഞു. കേരളകൗമുദിയോട് പ്രതികരിക്കുകയായിരുന്നു അവർ. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം ലഭിച്ചിട്ടുണ്ട്. അത് പരിശോധിച്ചു വരികയാണ്. ഫിലിപ്സ് കമ്പനിയുടെ പ്രതിനിധികളുമായി ഇക്കാര്യം ചർച്ച ചെയ്തു. കമ്പനിയുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയാണ് സംഭവിച്ചത്. ഇങ്ങനെ പോയാൽ അവരെ കരിമ്പട്ടികയിൽ പെടുത്തേണ്ടിവരും. മെഷീൻ പ്രവർത്തന സജ്ജമാകും മുമ്പ് ഇൻസ്റ്റലേഷൻ റിപ്പോർട്ട് നൽകിയ കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഡി.എം.ഇയുടെ മറുപടി ഇങ്ങനെയായിരുന്നു. "റേഡിയോ തെറാപ്പി വിഭാഗം മേധാവി മാത്രമല്ല ഉത്തരവാദി. മറ്റു പലരുടെയും ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട്. വകുപ്പ് മേധാവിയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന് ഞാൻ പറയില്ല. എന്തായാലും ഒരു ടീമിനെക്കൊണ്ട് വീഴ്ചകൾ അന്വേഷിക്കും. മുൻഗണന മെഷീൻ പ്രവർത്തിപ്പിക്കുന്നതിനാണ്. കമ്പനിക്ക് രണ്ടാം ഗഡു നേരത്തേ കൊടുത്തതെന്താണെന്ന ചോദ്യത്തിന് ഡി.എം.ഇ മറുപടി നൽകിയത് ഇങ്ങനെ: നിങ്ങൾ പത്രക്കാർ ഇത് നേരത്തേ കണ്ടുപിടിക്കാതിരുന്നതെന്ത്? രണ്ട് വർഷമായല്ലോ..? നിങ്ങൾ എവിടെപ്പോയിരുന്നു."

നടപടിക്രമങ്ങൾ

പാലിച്ചില്ല

സി.ടി സിമുലേറ്റർ പ്രവർത്തിപ്പിക്കുന്നതിന് അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡിന്റെ (എ.ഇ.ആർ.ബി) ലൈസൻസ് ആവശ്യമാണ്. മെഡിക്കൽ കോളേജിലെ പഴയ ടെലി കോബാൾട്ട് മെഷീന്റെ സോഴ്സ് ഡി കമ്മീഷൻ ചെയ്താൽ മാത്രമേ എ.ഇ.ആർ.ബിയുടെ അംഗീകാരം ലഭിക്കുകയുള്ളു. അതിനുള്ള നടപടി യഥാസമയം സ്വീകരിച്ചിരുന്നില്ല. ഇപ്പോൾ വീഴ്ച മുഴുവൻ കമ്പനിയുടെ തലയിൽ വച്ചുകെട്ടി സംസ്ഥാന സർക്കാരിന് സാമ്പത്തിക നഷ്ടം വരുത്തിവച്ചവരെ രക്ഷിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. 94 ലക്ഷത്തിന്റെ രണ്ടാം ഗഡു നൽകിയിട്ട് രണ്ട് വർഷം കഴിഞ്ഞു. അതിന്റെ പലിശ വീഴ്ച വരുത്തിയവരിൽ നിന്ന് തിരിച്ചു പിടിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.