kaumudy-news-headlines

1. ചൂര്‍ണിക്കര വ്യാജ രേഖ കേസിലെ ഇടനിലക്കാരന്‍ അബു പിടിയില്‍. എറണാകുളം റൂറല്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. വ്യാജ രേഖ ഉണ്ടാക്കിയത് റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ എന്ന് അബുവിന്റെ മൊഴി. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരിധിയുള്ള നിലം പുരയിടമാക്കി മാറ്റാന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ വ്യാജ രേഖ ഉത്തരവ് ഇറക്കിയതാണ് അബുവിന് എതിരെ ഉള്ള കേസ്. 7 ലക്ഷം രൂപയാണ് ഇയാള്‍ വ്യാജരേഖ ഉണ്ടാക്കാന്‍ കൈപ്പറ്റിയത്. അബു ആണ് വ്യാജരേഖകള്‍ ഉണ്ടാക്കിയത് എന്ന് ഭൂവുടമ ഹംസ നേരത്തെ മൊഴി നല്‍കി ഇരുന്നു

2. വ്യാജ രേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ക്ക് ആണ് ലാന്‍ഡ് റവന്യു കമ്മിഷണറേറ്റും ഫോര്‍ട്ട് കൊച്ചി ആര്‍.ഡി.ഒയും നല്‍കിയ പരാതിയില്‍ പൊലീസ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. റവന്യു ഭാഷയില്‍ തയ്യാറാക്കിയ ഉത്തരവ് ആയിരുന്നു തട്ടിപ്പിനായി ഉപയോഗിച്ചത്.

3. പ്രതിച്ഛായ വിവാദത്തില്‍ മറുപടിയുമായി പി.ജെ. ജോസഫ്. പ്രതിസന്ധി ഘട്ടങ്ങളില്‍ യു.ഡി.എഫ് നേതാക്കള്‍ ഒന്നായി മാണിക്കൊപ്പം നിന്നു. താന്‍ ഇടതുപക്ഷം വിട്ടത്, കേരള കോണ്‍ഗ്രസിന്റെ യോജിപ്പിന് വേണ്ടി. കെ.എം. മാണിക്കൊപ്പം വര്‍ഷങ്ങളോളും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടും എതിരായി ഒരു വാക്ക്‌പോലും പറഞ്ഞിട്ടില്ല എന്നും പി.ജെ. ജോസഫ്

4. പി.ജെ. ജോസഫിനും കോണ്‍ഗ്രസിനും എതിരെ രൂക്ഷ വിമര്‍ശനമാണ് കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ ഉന്നയിച്ചിരിക്കുന്നത്. മുറിവ് ഉണങ്ങാത്ത മനസുമായാണ് കെ.എം. മാണി മടങ്ങിയത്. ബാര്‍ കോഴ വിവാദത്തില്‍ അന്വേഷണം നീട്ടിക്കൊണ്ട് പോകാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചു. മന്ത്രിസഭയില്‍ നിന്ന് ഒരുമിച്ച് രാജിവയ്ക്കാം എന്ന നിര്‍ദ്ദേശം മാണി മുന്നോട്ട് വച്ചു എങ്കിലും പി.ജെ. ജോസഫ് തയ്യാറായില്ല. പിന്നീട് മാണിക്ക് ഒറ്റയ്ക്ക് രാജിവയ്‌ക്കേണ്ടി വന്നു എന്നും മുഖപ്രസംഗത്തില്‍ വിമര്‍ശനം

5. കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം തുടരും. നടപടിക്രമങ്ങളുടെ ഭാഗമായി കേസിലെ കുറ്റപത്രത്തിന്റേയും അനുബന്ധ കുറ്റപത്രത്തിന്റേയും പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കി. കേസ് കോട്ടയം ജില്ലാ കോടതിയിലേക്ക് മാറ്റിയ ശേഷം ആയിരുന്നു നടപടി. കേസ് അടുത്തമാസം ഏഴിന് പരിഗണിക്കും എന്ന് പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. നേരത്തെ കേസില്‍ കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. മാനഭംഗം, പ്രകൃതി വിരുദ്ധ പീഡനം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ ഉള്‍പ്പെടെ ആറ് വകുപ്പുകള്‍ ആണ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ ചുമത്തി ഇരിക്കുന്നത്. കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ 83 സാക്ഷികള്‍ ആണ് ഉള്ളത്

6. അയോധ്യ ഭൂമി തര്‍ക്ക കേസില്‍ മൂന്നംഗ മധ്യസ്ഥ സമിതിക്ക് സമയം നീട്ടി നല്‍കി സുപ്രീംകോടതി. ആഗസ്റ്റ് 15 വരെ ആണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ഭരണഘടനാ ബെഞ്ച് സമയം നീട്ടി നല്‍കിയത്. കേസില്‍ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഭരണഘടനാ ബെഞ്ച് തുടര്‍ നടപടി സ്വീകരിക്കും

7. മധ്യസ്ഥ ചര്‍ച്ചക്ക് ഉത്തരവിട്ട ശേഷം ആദ്യമായാണ് കേസ് കോടതി പരിഗണനയ്ക്ക് എടുത്തത്. അയോധ്യ ഭൂമി തര്‍ക്കം മാര്‍ച്ച് മാസം എട്ടാം തീയതിയാണ് സുപ്രീം കോടതി മധ്യസ്ഥ ചര്‍ച്ചക്ക് വിട്ടത്. സുപ്രീം കോടതി മുന്‍ ജഡ്ജി എ.എം. ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതി ദിവസങ്ങള്‍ക്കകം തന്നെ ചര്‍ച്ച ആരംഭിച്ചു. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് യു.പിയിലെ ഫൈസാബാദില്‍ രഹസ്യമായാണ് ചര്‍ച്ച നടന്നത്. കേസിലെ എല്ലാ പ്രധാന കക്ഷികളും സമിതിക്ക് മുമ്പാകെ ഹാജരായി.

8. ചര്‍ച്ചയില്‍ ഉരുതിരിയുന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥ എന്താണോ, അത് സുപ്രീം കോടതിക്ക് വിധിക്ക് തുല്യമായിരിക്കും എന്ന് കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. നിര്‍മോഹി അഖാഡ മാത്രമാണ് കേസില്‍ മധ്യസ്ഥ ചര്‍ച്ചയെ അനുകൂലിച്ച ഹിന്ദു പക്ഷത്തെ പ്രധാന കക്ഷി. എന്നാല്‍ ചര്‍ച്ചാ വേദി ഡല്‍ഹിക്ക് മാറ്റണം, വിശ്വഹിന്ദു പരിഷത്തിനെ മധ്യസ്ഥത ചര്‍ച്ചയില്‍ കക്ഷി യാക്കരുത്, വിരമിച്ച കൂടുതല്‍ ജഡ്ജിമാരെ കൂടി സമിതിയില്‍ ഉള്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങള്‍ നിര്‍മ്മോഹി അഖാഡെ മുന്നോട്ട് വച്ചിരുന്നു. ചര്‍ച്ചക്ക് സുപ്രീം കോടതി നിയോഗിച്ച സമിതിയില്‍ ആര്‍ട്ട് ഓഫ് ലിവിംഗ് തലവന്‍ ശ്രീ ശ്രീ രവിശങ്കര്‍ ഉള്‍പ്പെട്ടതിലും ഹിന്ദു പക്ഷത്ത് നിന്ന് തന്നെ എതിര്‍പ്പുകള്‍ ശക്തമാണ്

9. തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ വിലക്കിയ കേസില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി. തീരുമാനം എടുക്കേണ്ടത്, തൃശൂര്‍ ജില്ലാകളക്ടര്‍ അധ്യക്ഷന്‍ ആയ സമിതി. ഉചിതമായ തീരുമാനം സമിതി എടുക്കട്ടെ എന്നും കോടതി. അതേസമയം, തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ കേസില്‍ സര്‍ക്കാര്‍ ഇടപെടും എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോടതി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇടപെടല്‍ എന്നും മന്ത്രി.

10. പൂരങ്ങളെ സര്‍ക്കാര്‍ അട്ടിമറിക്കുന്ന എന്ന പ്രചാരണം തെറ്റ് എന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. ജില്ലാ കളക്ടര്‍ക്ക് നിയമോപദേശം ലഭ്യമാക്കും എന്നും മന്ത്രി. ആനയ്ക്ക് എതിരെ ഉള്ള വിലക്ക് നീക്കണം എന്ന് ആയിരുന്നു ദേവസ്വം കോടതയില്‍ ആവശ്യംപ്പെട്ടത്.

11. 12 ദിവസത്തെ സന്ദര്‍ശനത്തിനായി നെതര്‍ലന്റ്സില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ മന്ത്രാലയങ്ങളുടെയും ഡച്ച് കമ്പനികളുടെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. കേരളവുമായി സഹകരിക്കുന്നതിനുള്ള താത്പര്യവും സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങള്‍ക്ക് പിന്തുണയും അവര്‍ അറിയിച്ചതായി മുഖ്യമന്ത്രി. വിവിധ മന്ത്രാലയങ്ങളുടെ 20 പ്രതിനിധികള്‍ ആണ് ്മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ഇതില്‍, അടിസ്ഥാന സൗകര്യം ജല മാനേജ്‌മെന്റ്, കൃഷി, പരിസ്ഥിതി, ഭക്ഷ്യ മന്ത്രാലയങ്ങളുടെ പ്രതിനിധികളും ഉള്‍പ്പെടുന്നു

12. കാര്‍ഷിക, ജല മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അര്‍ക്കാഡിസ്, റോയല്‍ ബോസ്‌ക്കലിസ് വെസ്റ്റ് മിനിസ്റ്റര്‍, ഡെല്‍റ്റാറെസ്, ഡച്ച് ഗ്രീന്‍ഹൗസ് ഡെല്‍റ്റ, റോയല്‍ ഹാസ്‌ക്കണിംഗ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. കോണ്‍ഫെഡറേഷന്‍ ഓഫ് നെതല്‍ലന്‍ഡ്സ് ഇന്‍ഡസ്ട്രി ആന്റ് എംപ്ലോയേഴ്സിന്റെ വി. എന്‍. ഒ എന്‍. സി. ഡബ്ല്യു പ്രസിഡന്റ് ഹാന്‍സ് ഡി ബോര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. നൂര്‍വാര്‍ഡിലെ റൂം ഫോര്‍ റിവര്‍ പദ്ധതി സ്ഥലം മുഖ്യമന്ത്രി സന്ദര്‍ശിച്ചു. നദിക്ക് കൂടുതല്‍ വിസ്തൃതി നല്‍കുന്നതിലൂടെ വെള്ളപ്പൊക്ക വേളയില്‍ ജലനിരപ്പ് ഉയരുന്നത് നിയന്ത്രിക്കാനും ഇതിന് സമീപം താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണ് ഇത്.