india-warned-paksitan

ന്യൂഡൽഹി: ഇന്ത്യയുടെ ഭീഷണിയെ തുടർന്ന് ലോക ബാങ്കിന്റെ സഹായം തേടി പാകിസ്ഥാൻ. തീവ്രവാദത്തെ പിന്തുണയ്ക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ പാകിസ്ഥാനിലേക്ക് ജലം ഒഴുക്കുന്നത് തടയുമെന്ന നിതിൻ ഗഡ്ക്കരിയുടെ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് പാകിസ്ഥാൻ ലോകബാങ്കിന്റെ സഹായം ആവശ്യപ്പെട്ടത്.

ഭീകരവാദത്തെ പ്രോഹത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ നയങ്ങളെ നേരത്തേയും ഇന്ത്യ എതിർത്തിരുന്നു. ഈ സാഹചര്യത്തിലാണ് ഭീകരവാദത്തോടുള്ള മൃദുസമീപനം മാറ്റിയില്ലെങ്കിൽ പാകിസ്ഥാനിലേക്കുള്ള ജലസേചനം തടയുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയത്. അമൃത്സറിൽ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു പാകിസ്ഥാനെ ഞെട്ടിച്ച ഗഡ്കരിയുടെ പ്രസ്താവന.

‘ഈ വിഷയത്തിൽ ഞങ്ങൾ വിശദമായ പഠനം നടത്തിക്കഴിഞ്ഞു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നും പാകിസ്ഥാനിലേക്ക് വെള്ളം ഒഴുക്കുന്നത് തടയും. തീവ്രവാദത്തിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ രണ്ട് രാജ്യങ്ങളും തമ്മിലുള്ള ജലഉടമ്പടി കരാർ പൂർണമായും അപ്രത്യക്ഷമാകും‘ - ഗഡ്കരി വ്യക്തമാക്കി.

എന്നാൽ 1960ൽ ഇന്ത്യയും പാകിസ്ഥാനും ഒപ്പുവച്ച സിന്ധു നദീജല കരാർ തടസ്സങ്ങളില്ലാതെ മുന്നോട്ട് പോകണമെന്നാണ് പാകിസ്ഥാന്റെ താല്പര്യമെന്ന് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ വ്യക്തമാക്കി. എന്നാൽ കരാറിനെ മുഖവിലയ്ക്ക് എടുക്കാതെയാണ് ഇന്ത്യ കിഷൻ ഗംഗ പദ്ധതി നടപ്പാക്കിയത്. അതുകൊണ്ട് തർക്ക പരിഹാരത്തിനായി ലോകബാങ്ക് മുൻ കൈയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുൻപ് പല തവണയും പാകിസ്ഥാൻ ഇതേ ആവശ്യം ലോക ബാങ്കിനു മുന്നിൽ വച്ചിരുന്നു. എന്നാൽ അപ്പോഴെല്ലാം ഇന്ത്യയുടെ നിലപാടുകൾ അംഗീകരിക്കണം എന്ന നിർ‌ദേശമാണ് ലോകബാങ്ക് നൽകിയതെന്ന് ഫൈസൽ കൂട്ടിച്ചേർത്തു.