vava-suresh

തിരുവനന്തപുരം, വെള്ളനാടുള്ള ഗ്രാമപ്രദേശം, പതിവ് പോലെ രാവിലെ കോഴികൾക്ക് തീറ്റ കൊടുക്കാനായി വീട്ടമ്മ കോഴിക്കൂടിന് അടുത്തേക്ക് എത്തിയതും, കോഴികളുടെ കൂട്ട ശബ്ദം. ഒരു കൂട് തുറന്ന് തീറ്റവച്ചിട്ട്, മുട്ട എടുക്കുന്ന നേരമാണ് അത് കാണുന്നത്. രണ്ട് കോഴികള്‍ ചത്ത് കിടക്കുന്നു. ആ കുട്ടിനകത്ത് വലുതും ചെറുതും ആയി 25 ഓളം കോഴികൾ ഉണ്ടായിരുന്നു. മറ്റ് കോഴികൾ പ്രാണരക്ഷാർത്ഥം പുറത്തേക്ക് ചാടി. അപ്പോഴാണ് വീട്ടമ്മ ആ കാഴ്ച കണ്ടത്.

കൂടിന്റെ ഒരു ഭാഗത്ത് ഉഗ്രൻ ഒരു മൂർഖൻ പത്തി വിടർത്തി ഇരിക്കുന്നു. ഉടൻ തന്നെ ആ കൂട്ടിനകത്ത് ഉണ്ടായിരുന്ന എല്ലാ കോഴികളെയും പുറത്താക്കി കതക് പൂട്ടി. ഉടന്‍ തന്നെ വാവയെ വിവരം അറിയിച്ചു. സംഭവം അറിഞ്ഞ് നാട്ടുകാരും ഒത്തുകൂടി. വാവ വരുന്നത് വരെ കോഴികൂടിന് കാവലായി ഒരാളും.

സ്ഥലത്ത് എത്തിയ വാവ കോഴിക്കൂടിന് അകത്ത് ഇരിക്കുന്ന മൂർഖനെ കണ്ടു. മുട്ട വിഴുങ്ങിയിട്ടുള്ള ഇരിപ്പാണ്. വീട്ടമ്മയുടെ ഉപജീവന മാർഗമാണ് കോഴിവളർത്തൽ. മൂന്ന് കൂടുകളിലായി നിറയെ കോഴികൾ. പാമ്പിനെ കണ്ട കൂട്ടിലുള്ള കോഴികൾ മാത്രം പുറത്ത്. ആദ്യം തന്നെ കൂട് തുറന്ന് ചത്ത കോഴികളെ പുറത്തെടുത്തു. പിന്നെ അതിൽ ഉണ്ടായിരുന്ന മൂന്ന് മുട്ടയും. മുട്ട വിഴുങ്ങാൻ എത്തിയ മൂർഖൻ കോഴികളെ കടിച്ച് കൊന്നതായിരിക്കും. എന്തായാലും കോഴിയെ വിഴുങ്ങാൻ മൂർഖൻ ഒരു ശ്രമം നടത്തിയിരുന്നു. വലിയ കോഴിയായതിനാൽ നടന്നില്ല.

എന്തായാലും വീട്ടമ്മയുടെ സമയോചിതമായ ഇടപെടൽ കൊണ്ട് കൂട്ടിലുള്ള മറ്റ് കോഴികൾ രക്ഷപ്പെട്ടു. പത്തി വിടർത്തി വിരട്ടിയ മൂർഖനെ ഒട്ടും താമസിക്കാതെ വാവ പിടികൂടി. അവിടെ നിന്ന് യാത്ര തിരിച്ച വാവ ശ്രീകാര്യത്തിനടുത്തുള്ള ഒരു വീട്ടിലാണ് എത്തിയത്. അവിടെ ഉപയോഗ ശൂന്യമായ വീടിന് പുറത്തുള്ള കുളിമുറിയിൽ ഒരു പാമ്പ്. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.