തൃശൂർ: ഗജരാജൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർപൂരത്തിന് എഴുന്നള്ളിക്കണമെന്ന് നടനും എം.പിയുമായ സുരേഷ് ഗോപി. സുരക്ഷാ പ്രശ്‌നം മുൻനിറുത്തി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്കേർപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ ആനപ്രേമികളും ഉടമകളും പ്രക്ഷോഭം തുടരുന്നതിനിടെയാണ് തൃശൂർ മണ്ഡലത്തിൽ ജനവിധി തേടുന്ന സുരേഷ് ഗോപിയുടെ പ്രതികരണം. തെക്കോട്ടിറക്കത്തിന് തെച്ചിക്കോട്ടു രാമചന്ദ്രനെ കൊണ്ടുവരണമെന്നും, അസംഭവ്യങ്ങളിലേക്ക് കടക്കുമെന്ന് എന്തെങ്കിലും വ്യാകുലതകൾ ഉണ്ടെങ്കിൽ അതിനെല്ലാം വേണ്ട മാർഗങ്ങൾ വേറെ ഒരുപാടുണ്ടെന്നും സുരേഷ് വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സുരേഷ് ഗോപിയുടെ വാക്കുകൾ-
'എന്നോട് ചോദിച്ചാൽ ഞാൻ പറയും തെക്കോട്ടിറക്കത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കൊണ്ടുവരണം. അതൊരു വരവാണ് ഒരുരാജാവ് വരുന്നതുപോലെ തന്നെ. ആ കാഴ്‌ച സാധ്യമാക്കണം. വൈകാരികതയ്‌ക്ക് കഠാര വയ്‌ക്കരുത്. രാഷ്‌ട്രീയക്കാർ വച്ചോട്ടെ, ഉദ്യോഗസ്ഥർ അതിന് ചുക്കാൻ പിടിക്കരുത്. ഇല്ലെങ്കിൽ അതിന് ആ താളത്തിൽ തുള്ളരുത്. വന്നോട്ടെ ഫുൾ സെക്യൂരിറ്റി കൊടുക്ക്. മയക്കുവെടി, അതുപോലെ തന്നെ ആനയ്‌ക്ക് അങ്ങനെ എന്തെങ്കിലും വ്യാകുലപ്പെടുന്ന അസംഭവ്യങ്ങളിലേക്ക് കടക്കുമെന്ന് തോന്നിയാൽ ആനയെ തളയ്‌ക്കുന്നതിന് ഒരുപാട് മാർഗങ്ങളുണ്ട്. മൂന്ന് പേരിൽ കൂടുതൽ കൊല്ലാനും ഗൂഡാലോചന നടത്താനും നിന്നവർ നിയമസഭയിലും ലോക്‌സഭയിലുമൊക്കെയുണ്ടെന്ന് സുരേഷ് ഗോപി കൂട്ടിച്ചേർത്തു'.