കാസർകോട്: കാസർകോട്ടെ വീട്ടിൽ നിന്നും തിരഞ്ഞെടുപ്പ് ഫണ്ടിലെ പണം നഷ്ടപ്പെട്ടതായി യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ പരാതി നൽകി. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എത്തിയ കോൺഗ്രസ് നേതാവ് എട്ട് ലക്ഷം രൂപ മോഷ്ടിച്ചു എന്നാരോപിച്ചാണ് രാജ്മോഹൻ ഉണ്ണിത്താൻ ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയിരിക്കുന്നത്. കൊല്ലം സ്വദേശിയായ നേതാവിനെതിരെയാണ് പരാതി നൽകിയത്. നേരത്തെ കോൺഗ്രസിനുള്ളിൽത്തന്നെ ഇതുസംബന്ധിച്ച വിവാദം ഉണ്ടായിരുന്നു.
എന്നാൽ, വോട്ടെടുപ്പ് പൂർത്തിയായ ശേഷമാണ് ഉണ്ണിത്താൻ പരാതി നൽകിയിരിക്കുന്നത്. അതേസമയം, പരാതി നൽകിയെന്ന കാര്യം സ്ഥിരീകരിക്കാൻ ഉണ്ണിത്താൻ തയ്യാറായില്ല. പരാതി ലഭിച്ചതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മേൽപ്പറമ്പ് പൊലീസിന് പരാതി കൈമാറിയതായി എസ്.പി അറിയിച്ചു.