കാർഷിക പ്രദർശനം സാധാരണയായി നടക്കുന്ന കാര്യമാണ്. എന്നാൽ, അലാസ്കയിലെ പാൽമർ പട്ടണത്തിൽ നടക്കുന്ന പ്രദർശനം ഒന്നുകാണേണ്ടതു തന്നെയാണ്. കൗതുകകരമായ ഈ പ്രദർശനത്തിൽ ഭീമൻ പച്ചക്കറികളാണ് പ്രദർശനത്തിന് എത്തിക്കുന്നത്. കണ്ടാൽ ആരുമൊന്ന് അന്തംവിട്ടുപോകും.
പച്ചക്കറികളുടെ അസാധാരണമായ വലിപ്പത്തിന് കാരണമായി പറയുന്നത് ഇവിടെ ലഭിക്കുന്ന സൂര്യപ്രകാശമാണ്. ഉത്തര ധ്രുവത്തിനോട് ചേർന്ന് കിടക്കുന്നതിനാൽ സൂര്യപ്രകാശം കൂടുതൽ കിട്ടും. വേനൽക്കാലത്ത് 19 മണിക്കൂറും സൂര്യപ്രകാശം ലഭിക്കുന്ന ഇവിടെയാണ് ലോകത്തിൽ ഏറ്റവും വലിയ പച്ചക്കറികൾ വിളയുന്ന സ്ഥലം.
ഗിന്നസ് ബുക്കിൽ കയറിയ ഇവിടത്തെ പച്ചക്കറികൾക്ക് സ്വാദും കൂടുതലാണ്. കാരറ്റ് കഴിച്ചാലോ അതിൽ പഞ്ചസാര ചേർത്തിട്ടുണ്ടോ എന്ന് തോന്നും. അത്രയ്ക്ക് മധുരമാണ്. സൂര്യപ്രകാശം മാത്രമല്ല വിത്ത് തിരഞ്ഞെടുക്കുന്നത് മുതൽ നല്ലരീതിയിലുള്ള പരിചരണം കൊടുത്ത് വളർത്തുന്നതുവരെ മികച്ച സംരക്ഷണമാണ് കർഷകർ പച്ചക്കറികൾക്ക് നൽകുന്നത്. ഈ കാർഷിക പ്രദർശനത്തിൽ പച്ചക്കറികളുടെ വലിപ്പത്തിൽ റെക്കാഡ് നേടുക കർഷകരുടെ ലക്ഷ്യമാണ്.