തൃശൂർ: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഗജരാജൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂര വിളംബരത്തിന് ആവശ്യമെങ്കിൽ എഴുന്നള്ളിക്കാമെന്ന് അഡ്വക്കറ്റ് ജനറലിന്റെ (എ.ജി) നിയമോപദേശം. കർശന ഉപാധികളോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അനുമതി നൽകേണ്ടതെന്ന് എ.ജി സി.പി സുധാകര പ്രസാദ് സർക്കാരിനെ അറിയിച്ചു. ആനയ്ക്ക് പ്രകോപനം ഉണ്ടാക്കുന്ന രീതിയിലുള്ള ഒരു കാര്യങ്ങളും അനുവദിക്കരുതെന്നും ജനങ്ങൾ ആനയുമായി നിശ്ചിത അകലം പാലിക്കണമെന്നും നിയമോപദേശത്തിൽ പറയുന്നു. അപകടം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നേരത്തെ സ്വീകരിക്കണമെന്നും അപകടം ഉണ്ടായാൽ ഉത്തരവാദിത്തം ഉടമകൾ ഏറ്റെടുക്കുമെന്ന് രേഖാമൂലം സർക്കാർ എഴുതിവാങ്ങണമെന്നും എ.ജിയുടെ നിയമോപദേശത്തിൽ വ്യക്തമാക്കുന്നു.
അതേസമയം, തൃശൂർ പൂരത്തിന്റെ എഴുന്നള്ളിപ്പിൽ നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയ സംഭവത്തിൽ ഇടപെടാനാകില്ലെന്ന് ഹെെക്കോടതി അറിയിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഇടപെടേണ്ടതെന്നാണ് ഹെെക്കോടതി വ്യക്തമാക്കിയത്. പൂരത്തിന്റെ ഭാഗമായ തെക്കോട്ടിറക്കത്തിന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് നെയ്തലക്കാവ് ദേവസ്വം ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, ആരോഗ്യ പ്രശ്നങ്ങളുള്ളതും അപകടകാരിയുമായ ആനയെ പൂരം എഴുന്നള്ളിപ്പിൽ നിന്ന് ഒഴിവാക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.