വാഷിംഗ്ടൺ: നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ അമേരിക്കൻ ടെന്നീസ് താരം സ്ലോൺ സ്റ്റീഫൻസ് വിവാഹം കഴിക്കാൻ തീരുമാനിച്ചു. അമേരിക്കൻ ഫുട്ബാൾ താരം ജോസി ആൽറ്റിഡോറാണ് വരൻ. ട്വിറ്ററിലൂടെ സ്ലോൺ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. അല്പം സാഹിത്യം ചേർത്ത കാപ്ഷനും ഒപ്പമുണ്ട്. എന്നാൽ എന്നാണ് വിവാഹമെന്നകാര്യം വ്യക്തമല്ല.
ഫ്ളോറിഡയിൽ താമസിക്കുമ്പോൾ ബാല്യകാല സുഹൃത്തുക്കളായിരുന്ന സ്ളോണും ജോസിയും 2016മുതലാണ് കടുത്ത പ്രണയത്തിലായത്. ചിലയിടങ്ങളിൽ ഇരുവരെയും ഒരുമിച്ച് കണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. പ്രണയം കടുത്തെങ്കിലും അതൊന്നും സ്ളോണിന്റെ കരിയറിനെ ബാധിച്ചതേയില്ല. പ്രണയത്തിനുശേഷമാണ് അവരുടെ ഉശിരൻ പ്രകടനങ്ങളുണ്ടായതെന്നാണ് ആരാധകർ പറയുന്നത്. 2017ലെ യു.എസ് ഒാപ്പൺ ചാമ്പ്യനായിരുന്നു ഇരുപത്താറുകാരിയായ സ്ളോൺ. ലോകമെങ്ങും താരത്തിന് ആരാധകരുമുണ്ട്.
അമേരിക്കയിലെ അറിയപ്പെടുന്ന ഫുട്ബാൾ താരമാണ് ഇരുപത്തൊമ്പതുകാരനായ ജോസി .2007 മുതൽ പ്രൊഫഷണൽ ഫുട്ബാൾ രംഗത്തുള്ള ജോസി 110 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നായി നാൽപ്പത്തൊന്ന് ഗോളുകൾ നേടിയിട്ടുണ്ട്. ഇതിൽ പലതും ഞെട്ടിപ്പ് ഗോളുകളായിരുന്നു. ടൊറന്റോയിലെ ഒരു ക്ളബിനുവേണ്ടിയാണ് ഇപ്പോൾ കളിക്കുന്നത്. ജോസിക്കും ആരാധകർ കുറവല്ല.