ന്യൂഡൽഹി: മേയ് 19ന് തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലെ ബഥിൻദ മണ്ഡലം സാക്ഷ്യം വഹിക്കാൻ പോകുന്നത് ശക്തിയേറിയ പോരാട്ടമാണ്. കേന്ദ്രമന്ത്രിയും ബി.ജെ.പി സഖ്യകക്ഷിയായ ശിരോമണി അകാലിദൾ പാർട്ടി നേതാവുമായ ഹർസിമ്രത് കൗർ ബാദൽ മൂന്നാം തവണയും തന്റെ മണ്ഡലം പിടിച്ചടക്കാനുള്ള പോരാട്ടത്തിലാണ്.
കോൺഗ്രസിന്റെ അമരീന്ദർ സിംഗ് രാജ വറിംഗ്, ആംആദ്മിയുടെ ബൽജിന്ദർ കൗർ, പഞ്ചാബ് ഡെമോക്രാറ്റിക് അലയൻസിന്റെ സുഖ്പാൽ ഖയ്റ എന്നിവരാണ് എതിർ സ്ഥാനാർത്ഥികൾ. 2009ൽ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ മകൻ രണീന്ദർ സിംഗിനെതിരെ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ഹർസിമ്രത് 2014ൽ മൻപ്രീത് ബാദലിനെ തോൽപ്പിച്ചു കൊണ്ട് വീണ്ടും പാർലമെന്റിലെത്തി.
എന്നാൽ ഇത്തവണ ഹർസിമ്രതിന് കാര്യങ്ങൾ എളുപ്പമാകില്ല. 2017 നിയമസഭാ തിരഞ്ഞെടുപ്പിൽ ഹർസിമ്രതിന്റെ പാർട്ടിയായ ശിരോമണി അകാലിദളിന് വൻ തിരിച്ചടിയായിരുന്നു. വർദ്ധിച്ച കർഷക ആത്മഹത്യകളും മതപരമായ വിവാദങ്ങളും ജനങ്ങൾക്കിടയിൽ ശിരോമണി അകാലിദളിന്റെ സ്വാധീനം കുറയ്ക്കാനിടയാക്കി. ശിരോമണി അകാലിദൾ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന വിമർശനങ്ങൾ ഹർസിമ്രതിന് സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതല്ല.
എന്നാൽ നിലവിലെ അമരീന്ദർ സിംഗിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് പാഴ്വാഗ്ദാനങ്ങൾ നൽകുന്നതെന്നാണ് ഹർസിമ്രത് പക്ഷം. 'ശിരോമണി അകാലിദളിന്റെ നേതൃത്വത്തിൽ തുടങ്ങി വച്ച പല പദ്ധതികളും അമരീന്ദർ സിംഗ് നിറുത്തലാക്കി. വായ്പാ വാഗ്ദാനം പാലിക്കാത്തതിനാൽ കർഷകർ ആത്മഹത്യ ചെയ്യുകയാണ്. കോൺഗ്രസ് ജനങ്ങളെ പറ്റിച്ചു. രണ്ട് വർഷം കൊണ്ട് ഒന്നും തന്നെ അവർ പ്രാവർത്തികമാക്കിയില്ല."എന്നും ഹർസിമ്രത് കുറ്റപ്പെടുത്തി.
തന്റെ റാലികൾക്ക് നേരെയുള്ള പ്രതിഷേധങ്ങൾ കോൺഗ്രസിന്റെ ഗൂഢാലോചനയാണെന്നാണ് ഇവർ ആരോപിക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിയായ അമരീന്ദർ സിംഗ് രാജ വറിംഗിനെ കടന്നാക്രമിക്കാനും മറന്നില്ല. മണ്ഡലത്തിലെ ആളുകൾക്ക് തികച്ചും അപരിചിതനായ ഒരാളെയാണ് കോൺഗ്രസ് തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് അവർ പറയുന്നത്.
ഒരു ദലിത് കുടുംബത്തോടൊപ്പം ഒരു ദിവസം ചെലവിട്ടാണ് വറിംഗ് തന്റെ പ്രചാരണം ആരംഭിച്ചത്. ബാദൽ വിഭാഗക്കാർക്കെതിരെ പോരാടുന്ന സാധാരണക്കാരനെന്നാണ് വറിംഗ് സ്വയം വിശേഷിപ്പിക്കുന്നത്. രണ്ട് തവണ നിയമസഭാംഗമായ വറിംഗ് തനിക്ക് വളരെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടമായെന്നും തനിക്ക് ഹർസിമ്രതിനെ പോലെ സമ്പാദ്യമോ ഭൂമിയോ ഇല്ലെന്നും പറയുന്നു.
മുതിർന്ന നേതാക്കൾ പോലും ഹർസിമ്രതിനെതിരെ മത്സരിക്കാൻ വിസമ്മതിച്ചപ്പോൾ വളരെ ആത്മ വിശ്വാസത്തോടെ കടന്നു വന്നതാണ് ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ മുൻ ദേശീയ അദ്ധ്യക്ഷനായിരുന്ന വറിംഗ്. തിരഞ്ഞെടുപ്പ് നടക്കാൻ രണ്ട് ആഴ്ച ബാക്കി നിൽക്കെ ബഥിൻദാ ആർക്കൊപ്പം നിൽക്കും എന്നതിൽ വ്യക്തമായ ഒരു ചിത്രം തെളിയുന്നില്ല. വിജയിക്കുന്നത് ആരായാലും തന്നെ ഭൂരിപക്ഷം വളരെ കുറയാനാണിടയെന്നാണ് വിലയിരുത്തൽ.