റോഹ്‌തക്: സിഖ് കൂട്ടക്കൊലയെ കുറിച്ച് പറയുമ്പോഴെല്ലാം അതിനെന്താണ് എന്ന ഭാവമാണ് കോൺഗ്രസിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഹരിയാനയിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരക്കണക്കിന് സിഖുകാർ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കപ്പെട്ടു, അവരുടെ വസ്തുവകകൾ നശിപ്പിക്കപ്പെട്ടു. എന്നാൽ, ഇതിനെ കുറിച്ച് പറയുമ്പോഴെല്ലാം ‘അതിനെന്താണ്’ എന്നുതന്നെയാണ് കോൺഗ്രസ് ചോദിക്കുന്നത്-മോദി പറഞ്ഞു.
സിഖ് കൂട്ടക്കൊലയെ കുറിച്ചുള്ള കോൺഗ്രസ് നേതാവ് സാം പിത്രോഡയുടെ പരാമർശത്തിനെതിരെയായിരുന്നു മോദിയുടെ വിമർശനം. കലാപത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് യാതൊരു വിലയും കോൺഗ്രസ് നൽകുന്നില്ലെന്നും മോദി പറഞ്ഞു. നൂറുകണക്കിന് സിഖുകാരെ പെട്രോളും ഡീസലുമൊഴിച്ച് കൊലപ്പെടുത്തി. കലാപകാരികൾ കത്തുന്ന ടയറുകൾ ഇരകളുടെ കഴുത്തിലേക്കിട്ട് പീഡിപ്പിച്ചു. ഇത്രയും ക്രൂരതകൾ നടത്തിയിട്ടും കോൺഗ്രസ് ചോദിക്കുന്നത് അങ്ങനെ നടന്നുവെങ്കിൽ അതിനെന്ത് എന്നാണ് കോൺഗ്രസിന്റെ ഭാവം. ഹരിയാനയിലും ഹിമാചൽപ്രദേശങ്ങളിലും ഉത്തർപ്രദേശിലും മറ്റു സംസ്ഥാനങ്ങളിലുമെല്ലാം കോൺഗ്രസിന്റെ കീഴിൽ സിഖുകാരെ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങൾ നടക്കുന്നുവെന്നും മോദി പറഞ്ഞു.
1984ൽ സിഖ് കൂട്ടുക്കൊല നടന്നു, എന്താണ് ഇനി തങ്ങൾക്ക് ചെയ്യാനാവുകയെന്നായിരുന്നു പിത്രോദയുടെ പരമാർശം. ഇതിന് പിന്നാലെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്. തന്റെ വാക്കുകൾ ബി.ജെ.പി വളച്ചൊടിക്കുകയാണ്. കോൺഗ്രസിനുള്ളിൽ തന്നെ വിഭജനമുണ്ടാക്കാനാണ് അവരുടെ ശ്രമം. പോസിറ്റീവായി അവർക്ക് ഒന്നും പറയാനില്ലാത്തതിനാലാണിത്. 1984ലെ കൂട്ടക്കൊലയെ തുടർന്ന് സിഖ് സഹോദരങ്ങൾക്കുണ്ടായ വേദന നന്നായി അറിയാം. എന്നാൽ, ഇപ്പോൾ മോദി സർക്കാർ അഞ്ച് വർഷം എന്ത് ചെയ്തു എന്ന കാര്യമാണ് ഈ തിരഞ്ഞെടുപ്പിലെ പ്രധാനവിഷയമെന്നും പിത്രോദ വ്യക്തമാക്കി.